സൂപ്പർ ലീഗ് കേരള: മിഡിൽ ഈസ്റ്റ് പ്രേക്ഷകർക്ക് മനോരമമാക്സിലൂടെ തത്സമയം ആസ്വദിക്കാം!
Mail This Article
ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരെ ആവേശത്തിലാഴ്ത്താൻ സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസൺ സെപ്റ്റംബർ ഏഴിന് തുടക്കമാകും. ആദ്യ മത്സരത്തോടനുബന്ധിച്ച് നടക്കുന്ന വർണാഭമായ ഉദ്ഘാടന ചടങ്ങുകളും, വിവിധ മത്സരങ്ങളും മിഡിൽ ഈസ്റ്റ് പ്രേക്ഷകർക്കായി മനോരമമാക്സ് തത്സമയം സംപ്രേക്ഷണം ചെയ്യും. ഈ സംപ്രേക്ഷണത്തിലൂടെ മിഡിൽ ഈസ്റ്റിലെ മലയാളികളെക്കൂടെ ഫുട്ബോൾ മഹാമേളയിലേക്ക് ആകർഷിക്കാൻ ഒരുങ്ങുകയാണ് സൂപ്പർ ലീഗ് കേരള.
ഫോഴ്സ് കൊച്ചി എഫ്.സിയും മലപ്പുറം എഫ്.സിയും തമ്മിൽ ഏറ്റുമുട്ടുന്ന ഉദ്ഘാടന മത്സരം സെപ്റ്റംബർ ഏഴിന് വൈകുന്നേരം എട്ട് മണിക്ക് കൊച്ചി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറും. മത്സരത്തിന് മുന്നോടിയായി നടക്കുന്ന വർണാഭമായ ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരം ജാക്കിൻ ഫെർണാണ്ടസ്, ഡബ്സി, ശിവമണി തുടങ്ങിയവർ അണിനിരക്കും.
മനോരമമാക്സിലൂടെ മിഡിൽ ഈസ്റ്റിലെ ആരാധകർക്ക് സൂപ്പർ ലീഗ് കേരളത്തിൻ്റെ ആവേശം എത്തിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് സൂപ്പർ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ് പറഞ്ഞു. കേരളത്തിൻ്റെ ഫുട്ബോൾ സംസ്കാരത്തെ ഈ ലീഗ് വ്യാപകമാക്കുന്നു. പ്രാദേശിക പ്രതിഭകളുടെയും അന്താരാഷ്ട്ര താരങ്ങളുടെയും ആവേശവും ഊർജവും ആഗോള പ്രേക്ഷകർ അനുഭവിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫോഴ്സ് കൊച്ചി എഫ്.സി, മലപ്പുറം എഫ്.സി, കാലിക്കറ്റ് എഫ്.സി, കണ്ണൂർ വാരിയേഴ്സ് എഫ്.സി,തിരുവനന്തപുരം കൊമ്പൻസ് എഫ്.സി, മാജിക് തൃശൂർ എഫ്.സി എന്നിങ്ങനെ ആറു ഫ്രാഞ്ചൈസികളെ ഉൾപ്പെടുത്തി കേരളത്തിലെ ഫുട്ബാൾ സംസ്കാരം ഉയർത്താനാണ് സൂപ്പർ ലീഗ് കേരള ലക്ഷ്യമിടുന്നത്. കൊച്ചി, തിരുവനന്തപുരം, മഞ്ചേരി, കോഴിക്കോട് എന്നീ പ്രധാന വേദികളിലായാണ് സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൻ്റെ മത്സരങ്ങൾ അരങ്ങേറുന്നത്. സ്വദേശി താരങ്ങളോടൊപ്പം വിദേശ താരങ്ങളെയും കൂടി ഉൾപ്പെടുത്തി ഫുട്ബോൾ ആരാധകർക്ക് മികച്ച മത്സര അനുഭവം നൽകിക്കൊണ്ട് ഇന്ത്യൻ ഫുട്ബോളിൻ്റെ സുപ്രധാന നാഴികക്കല്ലായി മാറാൻ ഒരുങ്ങുകയാണ് സൂപ്പർ ലീഗ് കേരള.