മീൻകറി രുചിച്ച ബഹ്‌റൈൻ പൗരന്റെ വക വീസയടക്കം ലക്ഷങ്ങളുടെ ഓഫർ; വിരൽത്തുമ്പിൽ 'നഷ്ടപ്പെട്ട' ബഹ്‌റൈനിൽ ഇനി താരപരിവേഷം
Mail This Article
മനാമ ∙ ഒരു കാലത്ത് കേരളത്തിലെ പ്രശസ്ത റിസോർട്ടിൽ ജോലി ചെയ്തപ്പോൾ തന്റെ ഭക്ഷണം രുചിച്ച ബഹ്‌റൈൻ പൗരൻ നൽകിയ വാഗ്ദാനത്തെപ്പറ്റി ഇപ്പോൾ ബഹ്‌റൈനിൽ നിന്ന് ഓർത്തെടുക്കുകയാണ് സെലിബ്രിറ്റി ഷെഫും ചലച്ചിത്ര താരവുമായ ഷെഫ് പിള്ള. അന്ന് ആ പദ്ധതി നടക്കാതെ പോയെങ്കിലും വർഷങ്ങൾക്ക് ശേഷം ഒരു സെലിബ്രിറ്റി പരിവേഷത്തോടെ ഈ രാജ്യത്തേക്ക് എത്തുവാനും വിദേശികൾ അടക്കം താമസിക്കുന്ന ഒരു മികച്ച ഹോട്ടലിൽ റസ്റ്ററന്റ് ആരംഭിക്കുവാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഷെഫ് പിള്ള. ബഹ്‌റൈൻ ജുഫൈറിലെ വിൻധം ഗാർഡനിലെ ഏഴാം നിലയിലാണ് ഷെഫ് പിള്ളയുടെ നേതൃത്വത്തിലുള്ള 'ജഷാൻ റസ്റ്ററന്റ് ' കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ചത്.
'2004ൽ ആയിരുന്നു ബഹ്റൈനിലേക്കുള്ള ആദ്യ ക്ഷണം ലഭിച്ചത്. അന്ന് വെറും 7000 രൂപ ശമ്പളത്തിൽ ജോലി കേരളത്തിൽ ചെയ്തിരുന്ന കാലം. ജോലി ചെയ്ത റിസോർട്ടിൽ ബഹ്‌റൈൻ പൗരൻ അതിഥിയായി എത്തിയപ്പോൾ വിളമ്പിയ വിശേഷപ്പെട്ട മീൻകറി രുചിച്ചപ്പൊൾ ബഹ്റൈനിലേക്ക് വീസ വാഗ്‌ദാനം ചെയ്തു. ഒപ്പം അന്ന് ചിന്തിക്കാൻ പോലും കഴിയാത്ത ശമ്പളം. പാസ്പോർട്ട് പകർപ്പ് അയച്ചു കൊടുത്ത് മറ്റു രേഖകൾ എല്ലാം ശരിയായപ്പോഴാണ് തന്റെ ഏറെക്കാലത്തെ ലണ്ടൻ സ്വപ്നത്തിന് പച്ചക്കൊടി ലഭിച്ചത്. പിന്നെ ബഹ്‌റൈൻ യാത്ര തൽക്കാലം വേണ്ടെന്ന് വച്ച് ലണ്ടൻ തിരഞ്ഞെടുക്കുകയായിരുന്നു. ഒരു പക്ഷെ അന്ന് ബഹ്റൈനിലേക്ക് എത്തിയിരുന്നുവെങ്കിൽ സാധാരണ ഏതൊരു പ്രവാസിയെയും പോലെ ഹോട്ടലിൽ ജോലി ചെയ്തു കൊണ്ട് വേറെ ഒരു ജീവിതശൈലി രൂപപ്പെട്ടേനേ' – ഷെഫ് പിള്ള പറയുന്നു
∙ നല്ല ഭക്ഷണം നൽകിയായാലും 'കൈ പൊള്ളാതെ ' നോക്കണം
പ്രവാസം മതിയാക്കി നാട്ടിലേക്ക് എത്തുന്നവർ ആദ്യം ചിന്തിക്കുന്ന ബിസിനസ്സാണ് റസ്റ്ററന്റ് മേഖല. എന്നാൽ ഈ മേഖലയിലേക്ക് ഒരിക്കലും എടുത്തു ചാടരുത്. കൃത്യമായ പഠനവും കുറെ ഏറെ മുന്നൊരുക്കങ്ങളും ആവശ്യമുള്ള ഏരിയ ആണ്. മികച്ച ഒരു ബിസിനസ്സാണ് ഭക്ഷണ മേഖല എന്നത് ശരി തന്നെ. പക്ഷേ, നല്ല ഭക്ഷണം നൽകിയത് കൊണ്ടോ വ്യത്യസ്ത വിഭവങ്ങൾ നൽകിയത് കൊണ്ടോ മാത്രം ബിസിനസ്സ് മുന്നോട്ട് പോകണമെന്നില്ല. അതേക്കുറിച്ച് പൂർണ്ണമായും പഠിച്ച് മനസ്സിലാക്കി മാത്രമേ റസ്റ്ററന്റ് മേഖലയെ സമീപിക്കാവൂ എന്നും ഷെഫ് പിള്ള പറയുന്നു. ഒരു സുപ്രഭാതത്തിൽ വലിയ രീതിയിൽ ഇന്റീരിയർ ഒക്കെ ചെയ്ത്, കുറേ പണമൊക്കെ ചെലവാക്കി പരസ്യമൊക്കെ നൽകി കുറെ ജോലിക്കാരെയും വച്ച് ആരംഭിച്ചത് കൊണ്ട് ബിസിനസ്സ് മുന്നോട്ട് പോകില്ല. ഭക്ഷണം കഴിക്കാൻ എത്തുന്ന 100 പേരിൽ 90 പേരെയെങ്കിലും സന്തോഷിപ്പിക്കാൻ സാധിച്ചാൽ മാത്രമേ ഏതൊരു ഭക്ഷണ ശാലയെയും മുന്നോട്ട് പോകൂ. ഉപഭോക്താവ് വളരെ തൃപ്‌തിയോടെ കഴിക്കുക എന്നത് തന്നെയാണ് ഇതിൽ മുഖ്യം. മറ്റേത് മേഖലയിൽ നിന്നും ലഭിക്കാത്ത തരത്തിലുള്ള സന്തോഷമാണ് ഭക്ഷണം നൽകുന്നവർക്കും ലഭിക്കുക. ഇവ തമ്മിലുള്ള ഐക്യപ്പെടൽ ഓരോ പുതിയ ദിവസങ്ങളിലും ഓരോ പുതിയ ഉപഭോക്താവിൽ നിന്നും പരസ്പരം ഉണ്ടാവുക എന്നത് തന്നെയാണ് ഭക്ഷണ മേഖലയിലെ പ്രധാന ഘടകം.
∙ ഭക്ഷണക്കാര്യത്തിൽ ലാഭം നോക്കരുത്
ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണ കാര്യത്തിലാണ് നമ്മൾ ഏറെ ശ്രദ്ധ പുർത്തേണ്ടത്. വില അൽപം കൂടിയാലും ഗുണനിലവാരത്തിന് പ്രധാനം നൽകുന്ന ഭക്ഷണ ശാലകളും ഭക്ഷണവും തിരരെഞ്ഞടുക്കുക. അരി ഭക്ഷണം കഴിയുന്നതും കുറയ്ക്കണം, പണ്ട് കാലത്ത് മൂന്നു നേരവും അരി ഭക്ഷണം കഴിച്ചാലും അധ്വാനിക്കുന്നത്ത് കാരണം അത് ആരോഗ്യത്തെ ബാധിച്ചിരുന്നില്ല. ഇപ്പോൾ ബോധവൽക്കരണങ്ങളുടെ ഭാഗമായി അരി ഭക്ഷണം പലരും ചുരുക്കിയെങ്കിലും കുടവയർ കൂടിക്കൊണ്ടിരിക്കുകയാണ്. ഒരുപരിധി വരെ ഭക്ഷണകാര്യത്തിലെ ശ്രദ്ധക്കുറവാണ് അമിതവണ്ണത്തിനും കുടവയറിനും കാരണമാകുന്നത് – ഷെഫ് പിള്ള പറയുന്നു.