ADVERTISEMENT

ഇന്ത്യയിലെ നിരത്തുകളിൽ സജീവ സാന്നിധ്യമാകുകയാണ് സിട്രോൺ. പുതിയ വിപണിയിലേക്ക്‌ ഫ്രഞ്ച് വാഹന നിർമാതാക്കൾ കാലെടുത്തു വെച്ചത് സി 5 എയർ ക്രോസിലൂടെയാണ്. തുടർന്ന് അവതരിപ്പിക്കപ്പെട്ട ബസാൾട്ട് എന്ന കൂപ്പെ എസ് യു വി, ഇന്ത്യയിൽ ഇതേ വിഭാഗത്തിൽ ഏറ്റവും വിലക്കുറവിൽ സ്വന്തമാക്കാൻ കഴിയുന്ന വാഹനങ്ങളിൽ ഒന്നാണ്. ബസാൾട്ടിന്റെ ഡാർക്ക് എഡിഷൻ മോഡലുകൾ വിപണിയിലെത്തിച്ച് പുതിയൊരു യാത്രയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് സിട്രോൺ. ഈ എഡിഷന്റെ ആദ്യ യൂണിറ്റ് സിട്രോൺ  ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ ആയ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയ്ക്കാണ് കൈമാറിയിരിക്കുന്നത്. ബസാൾട്ടിന്റെ ഡാർക്ക് എഡിഷന് ഒപ്പം തന്നെ സി 3, സി 3 എയർക്രോസ് എന്നീ വാഹനങ്ങളുടെയും ഡാർക്ക് എഡിഷൻ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 

ധോണി ഇന്ത്യയിലെ സിട്രോണിന്റെ ബ്രാൻഡ് അംബാസിഡർ ആയതിനു ശേഷം  സി 3 എയർ ക്രോസിന്റെ ധോണി എഡിഷൻ 7 എന്ന മോഡൽ കമ്പനി പുറത്തിറക്കിയിരുന്നു. ആ സി 3 എയർക്രോസിന്റെ എടുത്തു പറയേണ്ട സവിശേഷത ധോണിയുടെ ജേഴ്സി നമ്പറായ ഏഴ് അടിസ്ഥാനമാക്കിയുള്ള ഡിസൈനുകൾ നൽകിയിരുന്നു എന്നതാണ്. 

പെർള നേര എന്ന ബ്ലാക്ക് ഷെയ്ഡാണ് ബസാൾട്ടിന് സിട്രോൺ നൽകിയിരിക്കുന്നത്. റെഗുലർ മോഡലിൽ നിന്നും വ്യത്യാസമൊന്നും പറയാനില്ലെങ്കിലും ഡാർക്ക് ക്രോം ഗ്രിൽ, എൽ ഡി ഹെഡ് ലാമ്പ്, ഡി ആർ എൽ, അലോയ് വീലുകൾ, റെഡ് ഇൻസേർട്ടുകൾ, വശങ്ങളിലെ ബോഡി മോൾഡിങ്ങുകളിൽ നൽകിയിട്ടുള്ള ഗ്ലോസി ബ്ലാക്ക് നിറം എന്നിവയാണ് പഴയ ബസാൾട്ടിൽ നിന്നും ഡാർക്ക് എഡിഷനുള്ള പറയത്തക്ക വ്യത്യാസങ്ങൾ. അകകാഴ്ചകൾക്കും കറുപ്പിന്റെ വശ്യതയുണ്ട്. മെട്രോപോളിറ്റൻ ബ്ലാക്ക് ലെതർ സീറ്റുകൾ, ഇൻസ്ട്രുമെന്റ് പാനലിന് നൽകിയിരിക്കുന്ന ബ്ലാക്ക് ലെതെറിന്റെ ഫിനിഷ് എന്നിവ കൂടാതെ സ്‌പോർട്ടി ലുക്ക് നൽകുന്നതിനായി കാർബൺ ബ്ലാക്ക് നിറത്തിൽ ലാവ റെഡ് ഇൻസേർട്ടുകളുമുണ്ട്. ഉപഭോക്താക്കളുടെ താൽപര്യമനുസരിച്ച് കസ്റ്റമൈസ്‌ ചെയ്യാനുള്ള സൗകര്യവും സിട്രോൺ ഒരുക്കിയിട്ടുണ്ട്. 

ബസാൾട്ടിന്റെ പവർ ട്രെയിൻ ഓപ്ഷനിലേക്കു വരുമ്പോൾ  82 എച്ച്പി 115 എന്‍എം നാച്ചുറലി ആസ്പിരേറ്റഡ്  1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍. ടര്‍ബോ പെട്രോള്‍ എന്‍ജിനാണെങ്കില്‍ കരുത്ത് 110 എച്ച്പിയിലേക്കും പരമാവധി ടോര്‍ക്ക് 190എന്‍എമ്മിലേക്കും ഉയരും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്കുമായി ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ മാത്രം.

സിംഗിൾ വേരിയന്റിൽ മാനുവൽ, ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനുമായാണ് ബസാൾട്ട് ഡാർക്ക് എഡിഷൻ പുറത്തിറങ്ങിയിരിക്കുന്നത്. മാനുവലിനു 12.80 ലക്ഷം രൂപയും ഓട്ടമാറ്റിക്കിനു 14.10 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില വരുന്നത്. എയർ ക്രോസ് ഡാർക്ക് എഡിഷൻ മാനുവലിനു 13.13 ലക്ഷവും ഓട്ടമാറ്റിക്കിനു 14.27 ലക്ഷവുമാണ് വില വരുന്നത്. സി 3 ഡാർക്ക് എഡിഷൻ പതിപ്പിനാകട്ടെ 8.38 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com