സ്വർണത്തിൽ ‘വിഷു’ ആശ്വാസം; ഇന്നു നേരിയ വിലക്കുറവ്, ട്രംപിന്റെ മലക്കംമറിച്ചിലിൽ ഇനി വില താഴേക്കോ?

Mail This Article
വിഷു (Vishu) ദിനമായ ഇന്ന് ആഭരണപ്രേമികൾക്ക് അൽപം ആശ്വാസം സമ്മാനിച്ച് സ്വർണവിലയിൽ (gold rate) നേരിയ വിലക്കുറവ്. ഗ്രാമിന് (Kerala gold price) 15 രൂപ കുറഞ്ഞ് വില 8,755 രൂപയും പവന് 120 രൂപ താഴ്ന്ന് 70,040 രൂപയുമായി. രാജ്യാന്തര വില ആവേശം വിട്ടൊഴിഞ്ഞ് നിന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്. ഔൺസിന് 3,245 ഡോളർ എന്ന എക്കാലത്തെയും റെക്കോർഡ് വരെ ഉയർന്നെങ്കിലും രാജ്യാന്തരവില ഇപ്പോഴുള്ളത് 3,233 ഡോളറിൽ.

ഇക്കഴിഞ്ഞ ശനിയാഴ്ച (ഏപ്രിൽ 12) രേഖപ്പെടുത്തിയ പവന് 70,160 രൂപയും ഗ്രാമിന് 8,770 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ്. പവൻ ചരിത്രത്തിൽ ആദ്യമായി 70,000 രൂപയെന്ന നാഴികക്കല്ല് ഭേദിച്ചതും അന്നായിരുന്നു. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവിലയും ഇന്നു കുറഞ്ഞു. ചില കടകളിൽ ഗ്രാമിന് 10 രൂപ താഴ്ന്ന് 7,250 രൂപ. മറ്റു ചില കടകളിൽ വ്യാപാരം 10 രൂപ കുറഞ്ഞ് 7,210 രൂപയിലും. വെള്ളിവില ഗ്രാമിന് 107 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ വാശിയോടെ പകരച്ചുങ്കം ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ട്രംപ് മലക്കംമറിഞ്ഞു തുടങ്ങിയതോടെ, ആഗോള സമ്പദ്‍രംഗത്ത് പ്രതീക്ഷകളുടെ കിരണങ്ങൾ തെളിയുന്നതാണ് സ്വർണവിലയെ പിന്നോട്ട് നയിക്കുന്നത്. പകരച്ചുങ്കത്തിൽ ചൈനയ്ക്കൊഴികെ എല്ലാ രാജ്യങ്ങൾക്കും 90 ദിവസത്തെ സാവകാശം അനുവദിച്ച ട്രംപ്, ഇപ്പോൾ ചൈനയിൽ നിന്നുള്ള സ്മാർട്ഫോണുകൾക്കും കംപ്യൂട്ടറുകൾക്കുംമേലുള്ള പകരച്ചുങ്കം ഒഴിവാക്കിയിട്ടുണ്ട്. 20% അടിസ്ഥാന തീരുവ മാത്രമാണ് നിലവിൽ ഇവയ്ക്കു ബാധകം.

വില കുറഞ്ഞെങ്കിലും കേരളത്തിൽ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും കൂടിച്ചേരുമ്പോൾ 75,000 രൂപയ്ക്കടുത്ത് നൽകിയാലേ ഇന്നൊരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,400 രൂപയോളവും കൊടുക്കണം.