ADVERTISEMENT

ന്യൂഡൽഹി ∙ മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയയാളെ 19 വർഷത്തിനുശേഷം യുഎഇയിൽനിന്ന് ഇന്റർപോളിന്റെ സഹായത്തോടെ തിരികെയെത്തിച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് കസബ സ്വദേശി ഒത്‌മാൻ ഖാമിസ് ഒത്‌മാൻ അൽ ഹമാദിയെയാണ് (അറബി അബ്ദുൽ റഹിമാൻ – 47) ഡൽഹി എയർപോർട്ടിൽ അറസ്റ്റ് ചെയ്തത്.

2005 ജൂലൈ 15ന് കസബയിൽ ‘ദ് ക്രിമിനൽ’ പത്രത്തിന്റെ ഉടമയും റിപ്പോർട്ടറുമായിരുന്ന ഷംസുദ്ദീനെ വെട്ടിപ്പരുക്കേൽപിച്ച കേസിൽ മൂന്നാം പ്രതിയാണ് അബ്ദുൽ റഹിമാൻ. ക്വട്ടേഷൻ സംഘങ്ങളെക്കുറിച്ചു വാർത്ത പ്രസിദ്ധീകരിച്ചതിന്റെ വൈരാഗ്യത്തിൽ മൂന്നംഗ സംഘം ഷംസുദ്ദീനെ ആക്രമിക്കുകയായിരുന്നു.

നടക്കാവ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. 2006 ൽ ജാമ്യത്തിലിറങ്ങിയ അബ്ദുൽ റഹിമാൻ വിദേശത്തേക്കു കടന്നു. യുഎഇയിൽ വച്ച് ഒത്‌മാൻ ഖാമിസ് ഒത്‌മാൻ അൽ ഹമാദി എന്നു പേരു മാറ്റി പുതിയ പാസ്പോർട്ട് സംഘടിപ്പിച്ച് ഒളിവിൽ കഴിയുകയുമായിരുന്നു. അന്വേഷണത്തിൽ പുതിയ പാസ്പോർട്ട് വിവരങ്ങൾ കണ്ടെത്തിയ ക്രൈംബ്രാഞ്ച് വിവരമറിയിച്ചതോടെ 2020 ൽ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ചു.

ക്രൈംബ്രാഞ്ച് സിഐ വിനേഷ് കുമാർ, എസ്ഐ എം.കെ.സുകു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നു കോഴിക്കോട്ടെത്തിച്ചു കോടതിയിൽ ഹാജരാക്കും. കസബ, നല്ലളം സ്റ്റേഷനുകളിലുൾപ്പെടെ കേസുകളിൽ പ്രതിയാണ്.

English Summary:

Attempt to Murder: Police Arrest Accused Hiding Under New Identity in UAE for 18 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com