ബഹ്‌റൈൻ ഇക്കണോമിക് ഡവലപ്‌മെന്റ് ബോർഡ് അംഗങ്ങൾ ഇന്ത്യ സന്ദർശിക്കും
Mail This Article
മനാമ ∙ ദേശീയ നിക്ഷേപം വർധിപ്പിക്കാൻ പ്രവർത്തിക്കുന്ന ബഹ്‌റൈൻ ഇക്കണോമിക് ഡവലപ്‌മെന്റ് ബോർഡ് അംഗങ്ങൾ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശന പരിപാടി അടുത്ത തിങ്കളാഴ്ച ആരംഭിച്ച് സെപ്റ്റംബർ 14-ന് സമാപിക്കും. സുസ്ഥിര വികസന മന്ത്രിയും ബഹ്‌റൈൻ ഇഡിബി ചീഫ് എക്‌സിക്യൂട്ടീവുമായ നൂർ അൽ ഖുലൈഫയുടെ നേതൃത്വത്തിലാണ് പര്യടനം. ബഹ്‌റൈൻ ഇഡിബിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിനിധി സംഘം മുംബൈ, ബെംഗളൂരു, ചെന്നൈ നഗരങ്ങൾ സന്ദർശിക്കും. വ്യവസായ-വാണിജ്യ മന്ത്രാലയത്തിന്റെ 2023-ലെ കണക്കനുസരിച്ച് 10,900 ഇന്ത്യൻ കമ്പനികളും ഇന്ത്യൻ സംയുക്ത സംരംഭങ്ങളും ബഹ്‌റൈനിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ബഹ്‌റൈനിലെ ആറാമത്തെ മികച്ച നിക്ഷേപ രാജ്യമാണ് ഇന്ത്യ.