18 വർഷമായി സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടൻ; അന്തിമവാദം തുടങ്ങി
Mail This Article
റിയാദ് ∙ സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് സൂചന. റഹീമിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന റിയാദ് സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 2ന് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവ് വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പൊതു അവകാശം സംബന്ധിച്ച് അന്തിമ വിധിക്കായി റിയാദ് ക്രിമിനല്‍ കോടതിയില്‍ നല്‍കിയ ഹർജി കോടതി സ്വീകരിച്ചു.
ഹർജിയില്‍ ഉടന്‍ വാദം കേള്‍ക്കുമെന്നും നിയമസഹായസമിതി വ്യക്തമാക്കി. കേസ് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കുന്ന പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗം കേസുമായി ബന്ധപ്പെട്ട ഫയല്‍ കോടതിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇനി വൈകാതെ കോടതി മോചന ഉത്തരവ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് ഗവര്‍ണറേറ്റിലേക്കും ജയിലിലേക്കും നല്‍കും. ശേഷം ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ജവാസാത്ത് വിഭാഗം ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഇന്ത്യന്‍ എംബസി യാത്ര രേഖ നല്‍കുന്നതോടെ റഹീമിന് ജയില്‍ മോചിതനായി രാജ്യം വിടാനാകും.
കേസിന്റെ നടപടികള്‍ ഇന്ത്യന്‍ എംബസിയും റഹീമിന്റെ പവര്‍ അറ്റോണിയായ സിദ്ദിഖ് തുവ്വൂരും പ്രതിഭാഗം വക്കീലും കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഓരോ ദിവസവും ബന്ധപ്പെട്ട ഓഫീസുകളില്‍ എത്തി പുരോഗതി വിലയിരുത്തുന്നുണ്ടെന്നും സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ,ട്രഷര്‍ സെബിന്‍ ഇഖ്ബാല്‍, ചീഫ് കോഡിനേറ്റര്‍ ഹസന്‍ ഹര്‍ഷാദ് എന്നിവര്‍ പറഞ്ഞു.