ഫുട്ബോൾ ആവേശം, അബ്ദലി ചെക്ക്‌പോസ്റ്റ് തുറന്നു; 33 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം കുവൈത്ത് മണ്ണിലെത്തി ഇറാക്കി പൗരന്മാർ
Mail This Article
കുവൈത്ത്‌സിറ്റി ∙ ഇന്ന് നടക്കുന്ന കുവൈത്ത്-ഇറാഖ് ലോകകപ്പ് യോഗ്യത മല്‍സരത്തിനുള്ള ടിക്കറ്റുകള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് മാത്രമേ മേടിക്കാവൂവെന്ന് കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നല്ലാതെ ടിക്കറ്റുകള്‍ പുറത്ത് കൂടുതല്‍ തുകയ്ക്ക് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കെഎഫ്എ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. വ്യക്തികള്‍ മുഖേനയും ചില വെബ്‌സൈറ്റുകള്‍ വഴിയും ടിക്കറ്റുകള്‍ വില്‍ക്കുന്നുണ്ട്. ഇത്തരം ടിക്കറ്റുകള്‍ക്ക് കെഎഫ്എക്ക് ഉത്തരവാദിത്വമില്ലെന്നും വ്യക്തമാക്കി. രണ്ട് ദിനാറാണ് ടിക്കറ്റ് ചാര്‍ജ്.
∙ കുവൈത്ത് ആരാധകര്‍ ആവേശത്തില്‍
കുവൈത്തിലെ ജാബൈര്‍ സ്‌റ്റേഡിയത്തില്‍ 60,000 പ്രേമികള്‍ക്കാണ് കളി കാണാന്‍ അവസരമൊരുക്കിയിരിക്കുന്നത്. ഇതില്‍, 5000 പാസാണ് ഇറാഖ് സ്വദേശികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. കുവൈത്തിനെ അപേക്ഷിച്ച് ശക്തരായ ടീമാണ് ഇറാഖ്. എങ്കിലും മല്‍സരത്തില്‍ തങ്ങള്‍ക്കാണ് വിജയമെന്ന് ഫുട്‌ബോള്‍ പ്രേമികളും കുവൈത്ത് സ്വദേശികളായ സെയ്ദ് യൂസഫ് അല്‍ അഷ്ഖനാനി, അഹമദ് തരഖ് അല്‍ തരാര്‍വ, മുഹമ്മദ് അബ്ദുല്ല അല്‍നേമ എന്നിവര്‍ പറയുന്നു. മല്‍സരത്തില്‍ 2-1 വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാർഥികളായ ഇവര്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയില്‍ ജോര്‍ദാനിലെ അമ്മാനില്‍ നടന്ന മല്‍സരത്തില്‍ ജോര്‍ദാനെ സമനിലയില്‍ തളയ്ക്കാന്‍ കഴിഞ്ഞതാണ് കുവൈത്ത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
∙ കുവൈത്ത്-ഇറാഖ് അബ്ദലി അതിര്‍ത്തിവഴി വാഹനങ്ങളുടെ ഒഴുക്ക്
മൂന്നു പതിറ്റാണ്ടിലേറെയായി ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമായും ഇണക്കി ചേര്‍ക്കാന്‍ കഴിയുന്ന പ്രധാന കണ്ണിയായിട്ട് കൂടിയാണ് ഈ ഫുട്ബോൾ മല്‍സരത്തെ കാണുന്നത്. 1990-ല്‍ ഇറാക്ക് ഭരണാധികാരി സദാം ഹുസൈന്‍ കുവൈത്തിനെ കീഴടക്കിയ ശേഷം ഇറാക്കി പൗരന്മാര്‍ക്ക് കുവൈത്ത് മണ്ണില്‍ കാല് കുത്താന്‍ അവസരം ലഭിച്ചതിന്റെ കൂടെയുള്ള സന്തോഷത്തിലാണ് ജനങ്ങൾ. കുവൈത്ത് സര്‍ക്കാര്‍ കളി കാണാന്‍ 5000 ആരാധകര്‍ക്ക് അനുമതി നല്‍കിയതോടെ, കുവൈത്ത്-ഇറാഖ് ബോര്‍ഡറിലെ അബ്ദലി ചെക്ക്‌പോസ്റ്റ് തുറന്നു.
33 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ആദ്യമായി ഇറാക്കില്‍ നിന്ന് റോഡ് മാർഗം കുവൈത്തിലേക്ക് വന്ന ഇറാഖി പൗരന്‍റെ വാഹനം സ്വീകരിച്ചത് കുവൈത്തിലെ ഇറാഖ് സ്ഥാനപതിയായിരുന്നു. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ച് വാഹനത്തോടൊപ്പം സ്ഥാനപതി അല്‍ മന്‍ഹല്‍ അല്‍ സഫി നില്‍ക്കുന്ന ചിത്രം അദ്ദേഹം തന്‍റെ സാമൂഹമാധ്യമത്തില്‍ പങ്ക് വച്ചിട്ടുമുണ്ട്.
∙ അവസാന ഘട്ട ഒരുക്കവും പൂര്‍ത്തിയായി
ഇന്ന് കുവൈത്ത് സമയം രാത്രി 9 മണിക്ക് (ഇന്ത്യന്‍ സമയം 11.30) നടക്കുന്ന മല്‍സരത്തിന്‍റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അവസാന ഘട്ട സുരക്ഷാ ക്രമീകരണങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ സലേം അല്‍ നവാഫ് സ്‌റ്റേഡിയത്തില്‍ ഉച്ചയോടെ സന്ദര്‍ശനവും നടത്തി.