പൊതുമാപ്പ്: കൂടുതൽ അപേക്ഷകർ ദുബായ് എമിറേറ്റിൽ
Mail This Article
അബുദാബി ∙ യുഎഇയിൽ ഒരാഴ്ചയ്ക്കിടെ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവർ 20,000 കടന്നു. ഇതിൽ ദുബായ് എമിറേറ്റിലാണ് കൂടുതൽ അപേക്ഷ (19,784) ലഭിച്ചത്. ആദ്യദിവസം തന്നെ ദുബായ് പൊതുമാപ്പ് കേന്ദ്രത്തിലേക്ക് അപേക്ഷകരുടെ ഒഴുക്കായിരുന്നു. ദുബായിലെ 86 ആമർ സെന്ററുകളിലായി 17391 അപേക്ഷകൾ നടപടി പൂർത്തിയാക്കി. ദുബായ് അവീറിലെ കേന്ദ്രത്തിൽ 2,393 പേരാണ് അപേക്ഷിച്ചത്. ഇതിൽ 98.96 ശതമാനം അപേക്ഷകളിൽ 48 മണിക്കൂറിനകം നടപടിയെടുത്തതായി അധികൃതർ അറിയിച്ചു. പൊതുമാപ്പ് ലഭിച്ചവരിൽ 12% പേർ മാത്രമാണ് രാജ്യം വിട്ടത്. ശേഷിച്ചവർ പുതിയ വീസയിലേക്ക് മാറി യുഎഇയിൽ തുടരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. പൊതുമാപ്പുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി കോൾ സെന്ററിലേക്ക് 2500 പേർ വിളിച്ചു.
15 വയസ്സിനു മുകളിലുള്ളവർക്ക് വിരലടയാളം രേഖപ്പെടുത്താൻ രാജ്യത്ത് 10 കേന്ദ്രങ്ങളിൽ സൗകര്യമുണ്ട്. യുഎഇയിൽ ഒരിക്കൽ വിരലടയാളം രേഖപ്പെടുത്തിയവർ ഇതിനായി വീണ്ടും ഹാജരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
അബുദാബിയിൽ ഷഹാമ, സ്വൈഹാൻ, അൽമഖാം, അൽദഫ്റ എന്നിവിടങ്ങളിലെ ഐസിപി സെന്ററുകളിലും അംഗീകൃത ടൈപ്പിങ് സെന്ററുകളിലും അപേക്ഷ നൽകാം. തൊഴിലാളി താമസ കേന്ദ്രങ്ങൾക്കു സമീപത്തുള്ള ടൈപ്പിങ് സെന്ററുകളിലും ദിവസേന നാൽപതോളം അപേക്ഷകർ എത്തുന്നുണ്ട്. മറ്റു എമിറേറ്റുകളിൽ ഉള്ളവർ അതത് ഇടങ്ങളിലെ ഐസിപി കേന്ദ്രങ്ങളെ സമീപിക്കണം.