ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം സംഘടിപ്പിച്ചു
Mail This Article
മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം സംഘടിപ്പിച്ചു. എം.പി എൻ.കെ. പ്രേമചന്ദ്രനും എം.എൽ.എ പി.ആർ. മഹേഷും മുഖ്യാതിഥികളായി പങ്കെടുത്ത ഈ ആഘോഷത്തിൽ അൻപതോളം കലാകാരന്മാർ ചെണ്ടമേളം അവതരിപ്പിച്ചു. തുടർന്ന് നടന്ന ഓണം ഫ്യൂഷൻ ഡാൻസിൽ മുപ്പതോളം കലാകാരികൾ പങ്കെടുത്തു.
സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. ആർ.വി. ട്രേഡിങ് കമ്പനിയുടെ മേധാവി റഹിം വാവ കുഞ്ഞിന് ബി.കെ.എസ്. ബിസിനസ് ഐക്കൺ അവാർഡും ഇബ്രാഹിം അദ്ഹമിന് യങ് ബിസിനസ് ഐക്കൺ അവാർഡും സമ്മാനിച്ചു.
എൻ.കെ. പ്രേമചന്ദ്രൻ തന്റെ പ്രസംഗത്തിൽ ബഹ്‌റൈൻ കേരളീയ സമാജം നടത്തുന്ന ഓണാഘോഷത്തെ പ്രശംസിച്ചു. നാട്ടിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന ഓണാഘോഷങ്ങൾക്ക് പ്രവാസി മലയാളികൾ നൽകുന്ന പ്രാധാന്യം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓണപ്പുടവ മത്സരം, വിവിധ കലാപരിപാടികൾ എന്നിവയും ഈ ആഘോഷത്തിന്റെ ഭാഗമായി നടന്നു. ശ്രാവണം 2024 ജനറൽ കൺവീനർ വർഗീസ് ജോർജ് നന്ദി പ്രകാശിപ്പിച്ചു. വരും ദിവസങ്ങളിലും ശ്രാവണം 2024 ന്‍റെ ഭാഗമായുള്ള വൈവിധ്യങ്ങളായ മത്സരങ്ങളും പരിപാടികളും സമാജത്തിൽ അരങ്ങേറും. സെപ്റ്റംബർ 28 നാണു സമാജത്തിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് കൊടിയിറങ്ങും.