34 വർഷം മുൻപ് ഒമാനിൽ പെയിന്റിങ് ജോലിക്കെത്തി; വീസയും പാസ്പോർട്ടും നഷ്ടമായി; കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാൻ സഹായഹസ്തം
Mail This Article
മസ്കറ്റ് ∙ കൊല്ലം പറവൂർ സ്വദേശിയായ ലേകൻ സുകേശൻ ഒമാനിൽ വീസയില്ലാതെ താമസിക്കാൻ തുടങ്ങിയിട്ട് ഏഴു വർഷത്തോളമായി. ഇടക്ക് എപ്പോഴോ പാസ്പോർട്ടും നഷ്ടമായി. 34 വർഷങ്ങൾക്ക് മുൻപ് ഒമാനിൽ പെയിന്റിങ് ജോലിക്കെത്തിയതാണ് ലേകൻ സുകേശൻ.
കോവിഡ് കാലത്ത് വരുമാനം കുറഞ്ഞതിനാൽ വീസ പുതുക്കാൻ പണം തികഞ്ഞില്ല. ജീവിതച്ചെലവും പരുങ്ങലിലായതോടെ കൃത്യമായി വാടക നൽകാനും കഴിയാതെ പലയിടങ്ങളിൽ താമസം മാറി.
കഴിഞ്ഞ മൂന്നു വർഷമായി ജോലിയും വരുമാനവുമില്ലാതെ ലേകൻ സുകേശന് രോഗവും പിടികൂടിയതോടെ ജീവിതം മാറിമറിഞ്ഞു. രണ്ടു കണ്ണുകൾക്ക് കാഴ്ച നന്നേ കുറവ്. ഓർമക്കുറവും മറ്റ് പ്രശ്നങ്ങളുെ പിടിപെട്ടതോടെ പരസഹായം ഇല്ലാതെ നടക്കാൻ പോലും ബുദ്ധിമുട്ടാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ മാത്രമാണ് നാട്ടിലുള്ളത്.
റൂവി കെഎംസിസിയുടെ നേതൃത്വത്തിൽ മസ്‌കത്തിലെ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ നിയമ നടപടികൾ പൂർത്തിയാക്കാനും ലോകനെ നാട്ടിലെത്തിക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.