രാജ്യാന്തര സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണി: വലവിരിച്ച് ഇന്റർപോൾ, കുടുക്കി യുഎഇ; മുൻ സൗദി പ്രവാസിയെ ഇന്ത്യയ്ക്ക് കൈമാറി
Mail This Article
അബുദാബി ∙ രാജ്യാന്തര സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയെ യുഎഇ ഇന്ത്യയ്ക്ക് കൈമാറി. രാജസ്ഥാൻ സികാർ സ്വദേശി മുനിയാദ് അലി ഖാനെയാണ് കൈമാറിയത്. തുടർന്ന് പ്രതിയെ എൻഐഎ ഇന്ത്യയിൽ വച്ച് അറസ്റ്റ് ചെയ്തു. 2020 ജൂലൈ 3–ന് ജയ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യൻ കസ്റ്റംസ് ഉദ്യോഗസ്ഥർ 18.5 കിലോഗ്രാം സ്വർണക്കട്ടികൾ പിടിച്ചെടുത്തതോടെയാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
എൻഐഎയുമായും ഇന്റർപോൾ, നാഷനൽ സെൻട്രൽ ബ്യൂറോ അബുദാബിയുമായും ഏകോപിപ്പിച്ച് യുഎഇയിൽ നിന്ന് മുനിയാദ് അലി ഖാനെ ഇന്ത്യയിലേക്കു കൊണ്ടുപോകുന്നതിന് സിബിഐയുടെ ഗ്ലോബൽ ഓപറേഷൻസ് സെന്ററാണ് നടപടികൾ സ്വീകരിച്ചത്. ഇയാൾ രാജ്യാന്തര സ്വർണ കള്ളക്കടത്ത് ശൃംഖലയിലെ പ്രധാന ഓപറേറ്ററാണെന്ന് സിബിഐ അധികൃതർ പറഞ്ഞു.
മുനിയാദ് അലി ഖാൻ ഇന്ത്യയിൽ എത്താത്തതിനെ തുടർന്ന് ജയ്പൂരിലെ എൻഐഎ പ്രത്യേക കോടതി സ്റ്റാൻഡിങ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇന്റർപോളിന്റെയും റെഡ് കോർണർ നോട്ടിസിന്റെയും മുന്നറിയിപ്പിനെ തുടർന്നാണ് യുഎഇയിലുണ്ടായിരുന്ന പ്രതിയെ ചൊവ്വാഴ്ച ഇന്ത്യയിലേക്ക് തിരിച്ചയച്ചതെന്ന് എൻഐഎ സ്ഥിരീകരിച്ചു. 2021 മാർച്ചിൽ ഖാനും മറ്റ് 17 പേർക്കുമെതിരെ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു.
സൗദിയിൽ ജോലി ചെയ്തിരുന്ന മുനിയാദ് കൂട്ടുപ്രതികളായ സമീർ ഖാൻ, ഐസാസ് ഖാൻ, സുരേന്ദ്ര കുമാർ ദർജി, മുഹമ്മദ് ആരിഫ് എന്നിവരുമായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണക്കട്ടികളും ബിസ്‌ക്കറ്റുകളും കടത്താൻ ഗൂഢാലോചന നടത്തിയിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ കൂട്ടുപ്രതികളായ പത്ത് പേരെ നേരത്തെ അറസ്റ്റ് ചെയ്തു. എമർജൻസി ലൈറ്റുകളുടെ ബാറ്ററി കമ്പാർട്ടുമെന്റിൽ ഒളിപ്പിച്ച് ഇന്ത്യയിലേയ്ക്ക് സ്വർണം കടത്താൻ കൂട്ടാളികളുമായി ചേർന്ന് സംഘം ഗൂഢാലോചന നടത്തിയതായി എൻഐഎ വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട ഷൗക്കത്ത് അലി, അലി മൊഹബത്ത് എന്നിവർക്കെതിരെയും 2024 ഏപ്രിലിലും 2023 ഓഗസ്റ്റിലും സൗദിയിൽ തിരിച്ചെത്തിയപ്പോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.