കൗതുകമുണർത്തുന്ന പൂക്കളവുമായി റിയാദ് ടാക്കീസ് ഓണാഘോഷത്തിന് ഒരുങ്ങുന്നു
Mail This Article
റിയാദ് ∙ സൗദിയിലെ മലയാളി കൂട്ടായ്മയായ റിയാദ് ടാക്കീസ് സവിശേഷമായ രീതിയിൽ ഈ വർഷത്തെ ഓണാഘോഷം നടത്താൻ ഒരുങ്ങുന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഓരോ വർഷവും സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള വലിയ പൂക്കളം ഒരുക്കുന്ന പതിവ് ഈ വർഷവും തുടരും.
ഈ വർഷത്തെ തീം വയനാട് ഉരുൾപൊട്ടലാണ്. സംഘാംഗങ്ങളുടെ പൊതു ആശയം അടിസ്ഥാനപ്പെടുത്തിയാണ് പൂക്കളത്തിന്റെ അന്തിമ രൂപഘടനയും നിറങ്ങളുമൊക്കെ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഫിഫാ ലോകകപ്പ്, കൊറോണക്കാലത്ത് ആരോഗ്യ പ്രവർത്തകർ, 2018 ലെ വെള്ളപ്പൊക്കം, ചന്ദ്രയാൻ ദൗത്യം, ഇന്ത്യൻ ആർമി, സൗദി ദേശീയദിനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പൂക്കളങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സൗദിയിൽ ലഭ്യമായ പൂക്കളായ അരളി, ചെമ്പകം, മുല്ല, റോസാ തുടങ്ങിയവയും കൃത്രിമ തേങ്ങാപ്പീരയും ഉപയോഗിച്ചാണ് പൂക്കളം ഒരുക്കുന്നത്. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നതാണ് ഇവരുടെ പ്രത്യേകത.
മാവേലി, ചെണ്ടമേളം, വിഭവസമൃദ്ധമായ ഓണസദ്യ, കലാ സാംസ്കാരിക പരിപാടികൾ എന്നിവയും ഓണാഘോഷത്തിന്‍റെ ഭാഗമായി ഉണ്ടായിരിക്കും. പരിപാടിയിൽ റിയാദ് ടാക്കീസിന്റെ സ്വന്തം ശിങ്കാരിചെണ്ടമേളം ടീം കലാപ്രകടനവും നടത്തും.
സാമൂഹികപ്രവർത്തകനായ ഷൈജു പച്ചയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന റിയാദ് ടാക്കീസ്, ഓണം മാത്രമല്ല, പെരുന്നാൾ, സൗദി ദേശീയ ദിനം തുടങ്ങിയ വിവിധ ആഘോഷങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും സജീവമായി നടത്തുന്നു. സിജോ മാവേലിക്കര, സോണി ജോസഫ്, കൃഷ്ണകുമാർ അരവിന്ദ്, വരുൺ, എൽദോ തുടങ്ങിയവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു