റൂട്ട് 65ൽ സർവീസിന് ഗ്രീൻ ബസ്
Mail This Article
അബുദാബി ∙ പരിസ്ഥിതി സൗഹൃദ ബസ് സർവീസുകൾ തുടങ്ങി അബുദാബി. ഹൈഡ്രജൻ, ഇലക്ട്രിക് ബസുകളാണ് ഇറക്കിയത്. നഗരത്തെ 6 വർഷത്തിനകം ഗതാഗത ഗ്രീൻ സോണാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) പ്രഖ്യാപിച്ചു. മറീന മാളിനും അൽ റീം ഐലൻഡിലെ ഷംസ് ബുട്ടീക്കിനും ഇടയിലുള്ള റൂട്ട് 65ലാണ് ഗ്രീൻ ബസ് സർവീസ് നടത്തുക. പ്രാദേശിക പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലാണ് ബസുകളുടെ രൂപകൽപന.
പരീക്ഷണാടിസ്ഥാനത്തിൽ ഗ്രീൻ ബസ് സർവീസുകൾ നടത്തി, പ്രകടനം വിലയിരുത്തിയ ശേഷം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനാണ് തീരുമാനം. ഡീസലിൽനിന്ന് പുനരുപയോഗ ഊർജത്തിലേക്ക് പൊതുഗതാഗതം മാറുമ്പോൾ അബുദാബി എമിറേറ്റിലെ വാർഷിക കാർബൺഡയോക്സൈഡ് പുറന്തള്ളൽ ഒരു ലക്ഷം മെട്രിക് ടണ്ണോളം കുറയുമെന്നാണ് പ്രതീക്ഷ. ഹരിതഗൃഹവാതക പുറന്തള്ളൽ കുറയുന്നത് പാരിസ് ഉടമ്പടിയോടുള്ള അബുദാബിയുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതിനൊപ്പം 2050നകം കാർബൺരഹിതമാകുക എന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പുമാകും. പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് ഗ്രീൻ ബസ് പുറത്തിറക്കിയത്.