യച്ചൂരി ഓർമകളിൽ പ്രവാസലോകവും
Mail This Article
അബുദാബി∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രവാസലോകം. അദ്ദേഹത്തിന്റെ വിയോഗം ദേശീയ രാഷ്ട്രീയത്തിനും ഇന്ത്യയിലെ മതേതര ശക്തികൾക്കും തീരാനഷ്ടമാണെന്ന് വിവിധ സംഘടനാ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തിളക്കമാർന്ന മുഖമായിരുന്നു സീതാറാം യച്ചുരി. ഒരേസമയം സംഘാടകനും പ്രക്ഷോഭകാരിയും. പ്രത്യയശാസ്ത്ര വ്യക്തതയുള്ള തൊഴിലാളി വർഗ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച സഖാവിന്റെ നഷ്ടം നികത്താനാവില്ല. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷ പുരോഗമന ശക്തികളുടെ വിശാല ഐക്യ നിര ശക്തിപ്പടേണ്ട സമയത്താണ് അദ്ദേഹത്തിന്റെ വിയോഗം.
റോയ് ഐ.വർഗീസ്, പ്രസിഡന്റ്, യുവകലാസഹിതി അബുദാബി
∙ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ നിലകൊണ്ട പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളിലൊരാൾ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം നിലനിൽക്കുമ്പോൾ തന്നെ പല വിഷയങ്ങളിലും പ്രതിപക്ഷ നിരയിൽ അഭിപ്രായ സമന്വയം ഉണ്ടാക്ക്കി. ദേശീയ താൽപര്യമെന്നാൽ ഹിന്ദു ദേശീയതയല്ലെന്നും അത് നാനാത്വത്തിൽ ഏകത്വമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ നേതാവ്.
എ.കെ.ബീരാൻകുട്ടി, പ്രസിഡന്റ്,കേരള സോഷ്യൽ സെന്റർ അബുദാബി
∙ മതനിരപേക്ഷതയുടെ കാവലാളായിരുന്നു. അദ്ദേഹത്തിന്റെ നേതൃശേഷിയും സംഘടനാ പാടവവും സിപിഎമ്മിനു മാത്രമല്ല ഇടതുപക്ഷ മതേതരപ്രസ്ഥാനങ്ങൾക്ക് മാർഗദീപമായിരുന്നു.
അഡ്വ. അൻസാരി സൈനുദ്ദീൻ, ലോക കേരളസഭ അംഗം
∙ ഇന്ത്യൻ ജനാധിപത്യ മതേതര മൂല്യങ്ങൾ എന്നും ഉയർത്തിപ്പിടിച്ച നേതാവാണ് സീതാറാം യച്ചൂരി. സ്വന്തം പാർട്ടി ശക്തികേന്ദ്രങ്ങളിൽ നിന്നുള്ള എതിർപ്പുകൾ പോലും അവഗണിച്ച്, ഇന്ത്യാ മുന്നണിയുടെ ഏകീകരണത്തിനായി പ്രവർത്തിച്ച നേതാവ്. ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായ ഒരു വ്യക്തിയുടെ വിയോഗം മതേതര ഇന്ത്യയ്ക്ക് തീരാനഷ്ടം.
എ.എം.അൻസാർ, ഇൻകാസ് അബുദാബി പ്രസിഡന്റ്
∙ ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമായി നിലനിൽക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയാറായ നേതാവായിരുന്നു. 'ഇന്ത്യാ' കൂട്ടായ്മയിൽ ഒട്ടുമിക്ക ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ ചേർത്തു നിർത്തുന്നതിൽ യച്ചൂരി വഹിച്ച പങ്ക് എക്കാലവും സമരിക്കപ്പെടും.
സഫറുല്ല പാലപ്പെട്ടി, സെക്രട്ടറി, മലയാളം മിഷൻ അബുദാബി ചാപ്റ്റർ
∙ നിർധന, പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി സജീവമായി പോരാടിയ നേതാവ്. തൊഴിലാളി ഹിത സംരക്ഷണം മുതൽ ജാതിവിവേചന വിരുദ്ധ പ്രവർത്തനങ്ങളിൽ വരെ അവിസ്മരണീയ സംഭാവനകൾ നൽകിയാണ് വിടപറഞ്ഞത്. രാഷ്ട്രീയ ചരിത്രത്തിൽ യച്ചൂരിയുടെ സ്ഥാനം എന്നും സ്മരിക്കപ്പെടും.
അനൂപ ബാനർജി, ജനറൽ സെക്രട്ടറി, ഫ്രണ്ട്സ് എഡിഎംഎസ്