കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം: രക്ഷിതാക്കൾക്ക് മാർഗരേഖയുമായി ദുബായ് ഡിജിറ്റൽ അതോറിറ്റി
Mail This Article
ദുബായ്∙ കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗവും അപകട സാധ്യതകളും സംബന്ധിച്ച് ദുബായ് ഡിജിറ്റൽ അതോറിറ്റി രക്ഷിതാക്കൾക്ക് മാർഗരേഖ (ഡിജിറ്റൽ ഗൈഡ്) പുറത്തിറക്കി. 22 പേജുള്ള ഗൈഡിൽ സമൂഹ മാധ്യമങ്ങളിലെ ചതിക്കുഴികൾ തിരിച്ചറിഞ്ഞ് മക്കളെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്.
കുട്ടികൾ ഉപയോഗിക്കുന്ന ജനപ്രിയ ആപ്പുകൾ, നേരിട്ടേക്കാവുന്ന സൈബർ ഭീഷണി, ചതിക്കുഴി എന്നിവ രക്ഷിതാക്കളെ പരിചയപ്പെടുത്തുന്നതിനു പുറമെ സ്വകാര്യതയിൽ സുരക്ഷിത നിയന്ത്രണങ്ങൾ എങ്ങനെ ക്രമീകരിക്കാം എന്നും വിശദീകരിക്കുന്നു. സാങ്കേതികവിദ്യയും ഓൺലൈൻ ട്രെൻഡുകളും അതിവേഗം മാറുന്നതിനാൽ ഗൈഡ് സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്ത് സൈബർ ഭീഷണിക്കെതിരെ പോരാടാൻ രക്ഷിതാക്കളെയും പ്രാപ്തരാക്കുമെന്ന് അതോറിറ്റി അറിയിച്ചു. ഡിജിറ്റൽ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോൾ കുട്ടികൾ നേരിടാവുന്ന വെല്ലുവിളികൾ നേരിടുന്നതിനും മാർഗരേഖ സഹായകമാകുമെന്ന് ഡിജിറ്റൽ ദുബായിലെ കോർപറേറ്റ് എനേബിൾമെന്റ് സെക്‌ടർ സിഇഒ താരിഖ് അൽ ജാനാഹി പറഞ്ഞു.
മാതാപിതാക്കൾ അറിയാൻ
∙ കുട്ടികളിലെ ശാരീരിക, മാനസിക മാറ്റങ്ങൾ ശ്രദ്ധിക്കുക
∙ ഓൺലൈനിലെ രഹസ്യ പ്രവർത്തനത്തെക്കുറിച്ച് മനസ്സിലാക്കുക
∙ കുട്ടികളോട് തുറന്ന് സംസാരിക്കുകയും സഹായത്തിന് നിങ്ങൾ ഉണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക
∙ സൈബർ ഭീഷണി ഉണ്ടെങ്കിൽ തെളിവായി സ്ക്രീൻഷോട്ടുകളോ സന്ദേശങ്ങളോ സൂക്ഷിച്ചുവയ്ക്കുക
∙ സൈബർ ഭീഷണി യഥാസമയം റിപ്പോർട്ട് ചെയ്യുക
∙ സ്ഥിതി ഗുരുതരമെങ്കിൽ സ്കൂളിൽ നിന്നോ വിദഗ്ധരിൽ നിന്നോ സഹായം തേടുക