ADVERTISEMENT

അബുദാബി ∙  കേരളത്തിലുളളതിനേക്കാള്‍ മലയാളികള്‍ ഇങ്ങ് യുഎഇയിലല്ലേ, അതുകൊണ്ടുതന്നെ ഓണത്തിന് മുന്‍പെത്തുന്ന മാവേലി ഓണം കഴിഞ്ഞ് ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചിട്ടേ യുഎഇയില്‍ നിന്ന് മടങ്ങുകയുളളൂ, ഏതോ സഹൃദയന്‍ തമാശയായി പറഞ്ഞതാണെങ്കിലും കാര്യം സത്യമാണ്. തിരുവോണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തുടങ്ങുന്ന ഓണാഘോഷങ്ങള്‍ ക്രിസ്മസ് പുതുവത്സരം വരെ തുടരും. വീടുകളില്‍ മാത്രമല്ല, ഓഫിസുകളിലും ചെറുതും വലുതുമായ വിവിധ സംഘടനകളുടെ നേതൃത്വത്തിലുമെല്ലാം ഓണാഘോഷം പൊടിപൊടിക്കും.

ആരു നടത്തുന്ന ആഘോഷമായാലും മഹാബലിയില്ലാതെ എന്ത് ഓണം. അതുകൊണ്ടുതന്നെ ഓണക്കാലം യുഎഇയിലെ മാവേലി വേഷക്കാരുടെ തിരക്കിന്റെ കാലം കൂടിയാണ്. വേദികളില്‍ നിന്ന് വേദികളിലേക്ക് മാവേലിയായവർ ഓടിയെത്തും. പ്രജകളെ കാണും, സന്തോഷം പങ്കുവയ്ക്കും. യുഎഇയിലെ വിവിധ വേദികളില്‍ മാവേലിയായെത്തുന്ന പ്രവാസികളുടെ ഓണാഘോഷം ഇതാ ഇങ്ങനെയാണ്.

expatriate-malayali-mavelis-in-uae-francis2
ഫ്രാന്‍സിസ് മാവേലി വേഷത്തിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ഇത് തൃശൂരിലെ ഫ്രാന്‍സി മാവേലി
ഗഡ്യോളെ, ഇത് ഫ്രാന്‍സിയാണ്, ഫ്രാന്‍സി മാവേലി. ഓണക്കാലമായിക്കഴിഞ്ഞാല്‍ തൃശൂർകാരനായ ഫ്രാന്‍സിസിന് നിന്ന്  തിരിയാന്‍ സമയമുണ്ടാകില്ല. ഡ്രൈവറായാണ് ജോലിചെയ്യുന്നത്. ഓണക്കാലത്ത് ജോലിയുടെ ഒഴിവ് സമയങ്ങളിലെല്ലാം ഫ്രാന്‍സിസ്, ഫ്രാന്‍സി മാവേലിയാകും. ചെറുതും വലുതുമായ ഓണാഘോഷ പരിപാടികളും ഉദ്ഘാടനങ്ങളുമൊക്കെയായി അബുദാബിയുടെ മുക്കിലും മൂലയിലും ഫ്രാന്‍സിസെത്തും. 12 വർഷമായി മാവേലിയുടെ വേഷത്തില്‍ പ്രവാസികളുടെ ഇടയിലുണ്ട്.

expatriate-malayali-mavelis-in-uae-francis3
ഫ്രാന്‍സിസ് മാവേലി വേഷത്തിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

തൃശൂർകാരായ കൂട്ടുകാരുമൊത്ത് ആഘോഷമൊരുക്കുന്നതിനിടെയാണ് ആദ്യമായി മാവേലി വേഷമണിയുന്നത്. പിന്നീട് ഓണക്കാലമെത്തുമ്പോള്‍ മാവേലിയായി ആഘോഷങ്ങളില്‍ നിന്ന് ആഘോഷങ്ങളിലേക്ക് ഓട്ടമായി. ഇത്തവണ സിനിമ താരം നവ്യ നായരുമൊത്ത് ഒരു ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മാവേലിയെകണ്ട് സൂപ്പറായിട്ടുണ്ടെന്ന് നവ്യ നായർ പറഞ്ഞപ്പോള്‍ ഫ്രാന്‍സിസിന് അവാർഡ് കിട്ടിയ സന്തോഷം. അത്തം തുടങ്ങുന്നതിന് മുന്‍പേ തന്നെ ഓണാഘോഷം തുടങ്ങിയ യുഎഇയില്‍ ഫ്രാന്‍സിസ് മാവേലിയ്ക്ക് നവംബർ വരെ ബുക്കിങ് കഴിഞ്ഞു. ഇവിടെ ഗള്‍ഫില്‍ വന്നിട്ട് മാവേലിയാകാന്‍ പറ്റിയത് മ്മടെ ഭാഗ്യല്ലേ, ഗഡീ,മ്മടെ സന്തോഷം, മ്മടെ നാട്ടാർടെ സന്തോഷം അതല്ലേ, ശരിക്കുളള ഓണാഘോഷം. തൃശൂർ ഭാഷയില്‍ രണ്ട് പെട പെടച്ചിട്ട് മ്മടെ ഫ്രാന്‍സി മാവേലി ആഘോഷത്തിരക്കിലേക്ക്.

expatriate-malayali-mavelis-in-uae-lijith1
ലിജിത്ത് മാവേലി വേഷത്തിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ആയിരത്തോളം വേദികളില്‍ മാവേലിയായ ലിജിത്ത്
യുഎഇയുടെ ആസ്ഥാന മാവേലിയാരെന്ന ചോദ്യത്തിന് ഉത്തരമാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ലിജിത്ത്. നാലു വർഷത്തോളമായി മലയാളികളുടെ ആഘോഷ പരിപാടികളില്‍ മാവേലിയായി ലിജിത്തെത്തും. 17 വ‍ർഷമായി യുഎഇയിലെത്തിയിട്ട്. നാലു വ‍ർഷം മുന്‍പ്, കോവിഡ് കാലത്താണ് മാവേലി വേഷത്തില്‍ സജീവമായത്. യുഎഇയിലെത്തിയ കാലം മുതല്‍ തന്നെ വിവിധ സംഘടനകളില്‍ സജീവമായിരുന്നു.

expatriate-malayali-mavelis-in-uae-lijith2
ലിജിത്ത് മാവേലി വേഷത്തിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ചെണ്ട കലാകരനുമാണ്. ഇക്കാലത്തിനിടെ ആയിരത്തിലധികം വേദികളില്‍ ലിജിത്ത് മാവേലിയായെത്തി. ഭാര്യ പ്രിയങ്കയാണ് ലിജിത്തിന്‍റെ മേക്കപ്പ് ആർടിസ്റ്റ്. മാവേലിയായി ഒരുക്കുന്നതും പരിപാടികളില്‍ പൂർണപിന്തുണ നല്‍കുന്നതും ഭാര്യതന്നെയാണെന്ന് ലിജിത്ത് പറയുന്നു. നവംബർ വരെയുളള പരിപാടികള്‍ക്ക് ഇപ്പോള്‍ തന്നെ ബുക്കിങ് കഴിഞ്ഞു. ചെലവുളളതാണ് മാവേലിയായി ഒരുങ്ങുകയെന്നുളളത്.

വിവിധ പരിപാടികളില്‍ എത്തുമ്പോള്‍ വേഷത്തിലും വൈവിധ്യം വേണം. സ്വന്തമായി വാങ്ങിയ ഡ്രസുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ചെലവുളളതിനാല്‍ പ്രതിഫലം തരുമ്പോള്‍ വേണ്ടെന്ന് പറയാറില്ല. പക്ഷേ ചോദിച്ച് വാങ്ങാറില്ലെന്ന് മാത്രം. ഒരു ദിവസം തന്നെ നാലോ അഞ്ചോ പരിപാടികള്‍ ഉണ്ടാകുമ്പോള്‍ സമയക്രമം പാലിക്കാന്‍ കഴിയുകയെന്നുളളതാണ് ടെന്‍ഷന്‍. രാവിലെ ആറരയ്ക്ക് മേക്കപ്പ് തുടങ്ങി തുടങ്ങി രാത്രി 1 മണിവരെ ഓണാഘോഷപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

ബാക്കിയുളളവർക്ക് ക്ഷീണമാകാമെങ്കിലും മാവേലിക്ക് ക്ഷീണം പാടില്ലല്ലോ, പരിപാടിയുടെ ഏറ്റവും അവസാനനിമിഷം വരെയും പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കാന്‍ കഴിയണം, അതുതന്നെയാണ് ഇതിലെ ഏറ്റവും വലിയ കഠിനാധ്വാനം. ഈ വർഷത്തെ ഓണാഘോഷം കഴിയുമ്പോഴേക്കും മാവേലിയായി എത്തിയ വേദികള്‍ 1500 ലെത്തുമെന്നാണ് ലിജിത്തിന്‍റെ കണക്കുകൂട്ടല്‍. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഓണാഘോഷത്തിലും ലിജിത്ത് തന്നെയാണ് മാവേലി.

ടൊവിനോ തോമസ് ഉള്‍പ്പടെയുളള താരങ്ങള്‍ അതിഥികളായെത്തുന്ന ലുലു ഓണമാമാങ്കം, അക്കാഫിന്‍റെ ഓണാഘോഷം പരിപാടികളുടെ ലിസ്റ്റേറെയുണ്ട്. വലിയ വേദികളെന്നോ ചെറിയ വേദികളെന്നോ ഇല്ല, മാവേലിക്കെല്ലാവരും സമന്മാരല്ലേയെന്ന് ലിജിത്ത്.

expatriate-malayali-mavelis-in-uae-rajesh2
രാജേഷ് മാവേലി വേഷത്തിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ മേളം കലാകാരനായ മാവേലി, രാജേഷ്
വടകര സ്വദേശിയായ രാജേഷ് കഴി‍‍ഞ്ഞ 20 വർഷമായി യുഎഇയിലുണ്ട്. കോവിഡ് കഴിഞ്ഞെത്തിയ ഓണത്തിനാണ് രാജേഷ് മാവേലിയായി വേഷമിടുന്നത്. മേളം കലാകാരനായ രാജേഷ്, മേളം അബുദബിയുടെ ഭാഗമായായി ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. മാവേലി വേഷം അണിയാന്‍ ആളില്ലാതെ വന്നപ്പോഴാണ് ആദ്യമായി മാവേലിയാകുന്നത്. പിന്നീട് പരിപാടികളില്‍ മാവേലിയായി പോയിത്തുടങ്ങി. ഓണക്കാലമായാല്‍ വാരാന്ത്യങ്ങളിലെല്ലാം തിരക്കുതന്നെ.

ഒരു വേദിയില്‍ നിന്ന് അടുത്ത വേദിയിലേക്ക് പോവുകയാണ് പതിവ്. മീശയും കിരീടവുമൊക്കെ കാണുമ്പോള്‍ കുട്ടികള്‍ കൗതുകത്തോടെ നോക്കാറുണ്ട്. ചില വിരുതന്‍മാർ കരയും. മറ്റ് ചിലരാകട്ടെ ആഭരണങ്ങള്‍ പിടിച്ചുവലിക്കും,അനുഭവങ്ങള്‍ ഓർത്ത് രാജേഷ് ചിരിച്ചു.  മാവേലി വേഷമിട്ടുതുടങ്ങിയതോടെ മേളത്തിന് പോകാന്‍ കഴിയാതെയായി. ഇതോടെ മാവേലിയ്ക്ക് ഇടയ്ക്ക് അവധി നല്‍കി മേളം കലാകാരന്‍റെ വേഷമണിയും. ഓണക്കാലം മലയാളിയുടെ മാത്രമല്ല, മാവേലിയുടെയും ആഘോഷകാലം കൂടിയാണല്ലോ.

expatriate-malayali-mavelis-in-uae-shaji1
ഷാജി അബ്ദുള്‍ റഹീം മാവേലി വേഷത്തിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ഷാജി അബ്ദുള്‍ റഹീം, ജോലി കസ്റ്റംസിലെ അക്കൗണ്ടന്റ്, ഓണക്കാലമായാല്‍ മാവേലി
32 വർഷമായി ദുബായ് കസ്റ്റംസില്‍ ചീഫ് അക്കൗണ്ടന്റാണ് ഷാജി അബ്ദുള്‍ റഹീം. ഓണക്കാലമായാല്‍ മലയാളികളുടെ മാവേലി മന്നനാകും ഷാജി. തിരുവനന്തപുരം സ്വദേശിയായ ഷാജിയുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ ശിങ്കാരിമേളത്തിനുവേണ്ടിയാണ് ആദ്യമായി മാവേലി വേഷമണിഞ്ഞത്. ഒരു ദിവസം തന്നെ ഷാർജയിലും ദുബായിലെ ഖിസൈസിലും അജ്മാനിലുമെല്ലാം മാവേലിയായി എത്തിയിട്ടുണ്ട് ഷാജി.

അഞ്ച് വർഷമായി മാവേലിയായി വേഷമിടാന്‍ തുടങ്ങിയിട്ട്. നവംബർ വരെ ആഘോഷങ്ങളൊക്കെയായി തിരക്കുതന്നെ. യുഎഇയിലെ ഓണാഘോഷങ്ങള്‍ക്കുളള ഏറ്റവും വലിയ പ്രത്യേകത, ഇവിടെ മലയാളികള്‍ മാത്രമല്ല ഓണമാഘോഷിക്കുന്നത് എന്നതാണ്. ഇത്രയധികം വിവിധ രാജ്യക്കാരും, ദേശക്കാരും, ഭാഷക്കാരും ഒത്തൊരുമിച്ച് ഓണമാഘോഷിക്കുന്ന മറ്റേതൊരിടമുണ്ട്, ലോകത്ത്. മാലോകരൊന്നാകുന്ന ഓണാഘോഷത്തിരക്കിലേക്ക് നീങ്ങുകയാണ് ഷാജിയും.

expatriate-malayali-mavelis-in-uae-pavithran1
ക്ലിന്‍റ് പവിത്രന്‍ മാവേലി വേഷത്തിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ മാവേലിമാരെ ഒരുക്കാന്‍ ക്ലിന്റ് പവിത്രന്‍
മാവേലിയെ മാവേലിയാക്കുന്ന കലാകാരനുണ്ട് അബുദാബിയില്‍. അകാലത്തില്‍ പൊലിഞ്ഞുപോയ ക്ലിന്റ് എന്ന കുഞ്ഞുചിത്രകാരനെ സ്വന്തം പേരിനൊപ്പം ചേർത്ത ക്ലിന്റ് പവിത്രന്‍. ഓണക്കാലമായാല്‍ മാവേലിമാർക്കൊപ്പം തന്നെ തിരക്കാണ് പവിത്രനും. അബുദബിയില്‍ ദിവസവും പല പരിപാടികള്‍ക്ക് പോകുന്ന മാവേലിമാരെ ഒരുക്കുന്നത് പവിത്രനാണ്.

കണ്ണൂർ പയ്യനൂർ സ്വദേശിയായ പവിത്രന്‍ 2011 ലാണ് യുഎഇയിലെത്തുന്നത്. ഇതിനകം തന്നെ 300 ലധികം മാവേലിമാരെ ഒരുക്കി. 30 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെയെടുത്താണ് മേക്കപ്പ് പൂർത്തിയാക്കുന്നത്. നവംബർ വരെ മാവേലിമാരെ ഒരുക്കാനുളള ബുക്കിങ് എടുത്തുകഴിഞ്ഞു. ആദ്യസമയങ്ങളില്‍ വാരാന്ത്യങ്ങളില്‍ മാത്രമായിരുന്നു ആഘോഷപരിപാടികളുണ്ടായിരുന്നതെങ്കില്‍ ഇത്തവണ വാരാന്ത്യവ്യത്യാസമില്ലാതെ പല ദിവസങ്ങളിലും പരിപാടികളുണ്ട്.

മാവേലിക്ക് കുടവയർ നിർബന്ധമില്ലാതായെന്നുളളതാണ് ഇക്കാലങ്ങള്‍ക്കിടെ തോന്നിയ വലിയ വ്യത്യാസം. ആടയാഭരണങ്ങളെല്ലാം കൂടിയെന്ന് പവിത്രന്‍ പറയുന്നു. ജാതി മത ഭാഷ ഭേദമില്ലാതെ ഓണമാഘോഷിക്കുന്ന യുഎഇയില്‍ മാവേലിയില്ലാതെ ആഘോഷം പൂർണമാകുന്നതെങ്ങനെ.

English Summary:

Expatriate Malayali Mavelis in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com