ADVERTISEMENT

ജിദ്ദ ∙ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദിയിലെ സമൂഹ മാധ്യമത്തിൽ വൈറലാണ് ജിദ്ദയിൽനിന്ന് റോഡ് മാർഗം സൗദിയ വിമാനത്തിന്റെ യാത്ര. ജിദ്ദയിൽനിന്ന് തുടങ്ങിയ വിമാന യാത്ര ഉൾനാടുകളിലൂടെയെല്ലാം കയറിയിറങ്ങി റിയാദ് സീസണിന്റെ ഭാഗമായ ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ എത്തും. ഇവിടെ റെസ്‌റ്ററന്റുകളും വ്യാപാര കേന്ദ്രങ്ങളുമാക്കി പ്രവര്‍ത്തിപ്പിക്കാനും ഇന്ററാക്ടീവ് ആക്ടിവിറ്റികള്‍ക്ക് ഉപയോഗിക്കാനുമാണ് പഴയ സൗദിയ വിമാനങ്ങള്‍ എത്തിക്കുന്നത്.

വിമാനത്തിന്റെ യാത്ര ജനകീയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സൗദി ജനത. വിമാനങ്ങള്‍ കടന്നുപോകുന്ന നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം വന്‍ ജനക്കൂട്ടം കൂട്ടംകൂടിയെത്തുകയും സന്തോഷത്തോടെ റോഡിൽ ഒത്തുചേരുകയും ചെയ്യുന്നു. മറ്റു ചിലരാകട്ടെ സ്വന്തം വാഹനത്തിൽ വിമാനങ്ങള്‍ക്ക് അകമ്പടി സേവിക്കുകയും ചെയ്യുന്നു.

ഇരുമ്പ് കഷ്ണമായ പഴയ വിമാനങ്ങളോടല്ല സൗദികള്‍ പ്രതികരിക്കുന്നതെന്നും മറിച്ച് വിമാനങ്ങളില്‍ മുദ്രണം ചെയ്ത സൗദി ചിഹ്നവുമായാണ് അവര്‍ പ്രതികരിക്കുന്നതെന്നും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് പറഞ്ഞു. റിയാദ് സീസണിൽ വിമാനങ്ങളെ റോഡ് മാർഗം എത്തിക്കുന്നത് ദേശീയ ദിനാഘോഷത്തിന്റെ റിഹേഴ്സൽ ആണെന്നും ഇത് ദേശീയ അഭിമാനത്തെ പ്രതിനിധീകരിക്കുന്നുവെന്നും തുർക്കി ആലുശൈഖ് പറഞ്ഞു. വിമാനങ്ങള്‍ റിയാദിലെത്താന്‍ കുറച്ച് ദിവസങ്ങള്‍ വൈകും. 

ഇത്തവണത്തെ റിയാദ് സീസണില്‍ പൊതുജനങ്ങള്‍ക്ക് 20 ലക്ഷ്വറി കാറുകള്‍ സമ്മാനിക്കും. എല്ലാ ആഴ്ചയിലും ഒരു കാര്‍ വീതമാണ് സമ്മാനിക്കുകയെന്നും സൗദികള്‍ക്കു മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും തുര്‍ക്കി ആലുശൈഖ് പറഞ്ഞു. 

വിമാനങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമെടുക്കുന്നവര്‍ക്ക്  പ്രഖ്യാപിച്ച  ആറാമത്തെയും ഏഴാമത്തെയും സമ്മാനാർഹരെ തുര്‍ക്കി ആലുശൈഖ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനിടെ ശത്രുവിന്റെ ആക്രമണത്തില്‍ മുട്ടിനു താഴെ കാല്‍ നഷ്ടപ്പെട്ട സൈനികനും വിമാനം കടന്നുപോകുന്നതിനു സമീപം ഒട്ടകത്തോടൊപ്പം സാഷ്ടാംഗ പ്രണാമം (സുജൂദ്) നിര്‍വഹിച്ച സൗദി പൗരനുമാണ് കാറുകൾ സമ്മാനമായി ലഭിച്ചത്. ഊന്നുവടിയുടെ സഹായത്തോടെ എത്തിയ സൈനികന്‍ ദേശീയ പതാക വീശിയും സല്യൂട്ട് ചെയ്തും ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. ഇനി മൂന്നു കാറുകള്‍ കൂടിയാണ് വിജയികളെ കാത്തിരിക്കുന്നതെന്ന് തുര്‍ക്കി ആലുശൈഖ് പറഞ്ഞു. വിമാനങ്ങള്‍ റിയാദില്‍ നിന്ന് 130 കിലോമീറ്റര്‍ ദൂരെ ശഖ്‌റായിലെത്തിയിട്ടുണ്ട്. 

ലക്ഷ്വറി കാറുകള്‍ക്ക് അര്‍ഹരായ അഞ്ചു പേരെ തുര്‍ക്കി ആലുശൈഖ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും മികച്ച ഫോട്ടോയും വിഡിയോകളുമെടുത്ത് ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ഒരു ലക്ഷ്വറി കാര്‍ സമ്മാനിക്കുമെന്നാണ് തുര്‍ക്കി ആലുശൈഖ് ആദ്യം അറിയിച്ചിരുന്നത്. ജനങ്ങളുടെ ഭാഗത്തു നിന്നുള്ള വന്‍ പ്രതികരണം കണക്കിലെടുത്ത് സമ്മാനം ആറു ലക്ഷ്വറി കാറുകളായി പിന്നീട് ഉയര്‍ത്തിയിരുന്നു. ഇത് പിന്നീട് പത്തു കാറുകളായി ഉയര്‍ത്തി.

കാറുകൾ സമ്മാനമായി ലഭിച്ച മറ്റുള്ളവർ 
∙ വിമാനങ്ങള്‍ ട്രക്കുകളില്‍ കൊണ്ടുപോകുന്നത് കണ്ട് ആഹ്ലാദം പ്രകടിപ്പിച്ച് നൃത്തച്ചുവടുകള്‍ വെച്ച വൃദ്ധനായ സൗദി പൗരൻ.

∙ വിമാനങ്ങള്‍ക്കു സമീപം സൈനിക യൂനിഫോമിന് സമാനമായ വേഷവിധാനങ്ങളോടെ നിലയുറപ്പിച്ച് കൈവീശി അഭിവാദ്യം ചെയ്ത ബാലൻ.

∙ ഊന്നിവടി ഉയര്‍ത്തിപ്പിടിച്ച് വീശിക്കാണിച്ച് നടന്നുനീങ്ങി അഭിവാദ്യം പ്രകടിപ്പിക്കുകയും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്ത സൗദി വയോധിക.

∙ കാല്‍ മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് ഊന്നുവടികളില്‍ വിമാനങ്ങള്‍ കടന്നുപോകുന്ന റോഡിനു സമീപം എത്തി സല്യൂട്ട് ചെയ്ത് അഭിവാദ്യമര്‍പ്പിച്ച സൗദി യുവാവ്. 

∙ റിയാദിലേക്കുള്ള വിമാനങ്ങളുടെ സഞ്ചാരം സൗദി ദേശീയ പതാക വീശി ആഘോഷിച്ച സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ കുതിരസവാരിക്കാരിയായ ബാലിക ജൂദിനും സഹോദരനും.

English Summary:

Saudia transports three Boeing 777s from Jeddah to Riyadh by road: Video gone viral in social media.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com