ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്ത് ഭരണാധികാരി അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ബയോമെട്രിക് സംവിധാനത്തില്‍ റജിസ്ട്രര്‍ ചെയ്തു. ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍ എടുത്തത്. കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലീദ് അല്‍ ഹമദ് അല്‍ സബാഹും പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദുള്ള അല്‍ അഹമദ് സബാഹും ഇന്ന് ബയോമെട്രിക് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. തദ്ദവസരത്തില്‍, ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹും സന്നിഹിതനായിരുന്നു.
സ്വദേശികളും വിദേശികളും അടക്കം ഒമ്പതേമുക്കാല്‍ ലക്ഷം പേരാണ് ബയോമെട്രിക് സംവിധാനത്തിൽ ഇനിയും റജിസ്റ്റർ ചെയ്യാനുള്ളത്. കുവൈത്ത് സ്വദേശികള്‍ക്ക് ഈ മാസം അവസാനം വരെയാണ് ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്ന സമയം.
ഈ മാസം ആദ്യം വരെയുള്ള കണക്ക്പ്രകാരം 1,75,000 സ്വദേശികള്‍ വരുന്ന മുപ്പതാം തീയതിക്കു മുന്‍പായി നടപടിക്രമങ്ങൾ പൂർത്തിയാക്കണം . എട്ടു ലക്ഷം പേര്‍ ഇതിനോടകം ബയോമെട്രിക് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടന്ന് ഡയറക്ടര്‍ ഓഫ് ദി പേര്‍സണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രവാസികളില്‍ 1,068,000 പേര്‍ ബയോമെട്രിക് എടുത്തിട്ടുണ്ട്. 8 ലക്ഷം പ്രവാസികള്‍ നിലവില്‍ നടപടികൾ പൂർത്തിയാക്കാനും ഉണ്ട്. എന്നാല്‍,ഇവര്‍ക്ക് ഡിസംബര്‍ 31-ന് വരെ സമയം ആഭ്യന്തരമന്ത്രാലയം അനുവദിച്ചിട്ടുണ്ട്.