ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ നൂതന സാങ്കേതികവിദ്യയിലൂടെ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും ആരോഗ്യ സംരക്ഷണ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങി വില്ലേജ് ഡോക്ടര്‍ (വി-ഡോക്). കുവൈത്തിലെ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആശയമാണ് വി-ഡോക്. ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ഒരുക്കി ഗ്രാമീണ ജനത നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാര മാര്‍ഗമാണ് ഈ പദ്ധതി. റോബോര്‍ട്ടിന്റെയും ഡ്രോണിന്റെയും സഹായത്താല്‍ മരുന്നുകളും അത്യാവശ്യ സേവനങ്ങളും വിദൂരങ്ങളില്‍ പരസഹായം ഇല്ലാതെ നല്‍കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ കുറവുള്ള ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനമാകുമെന്നാണ് വി-ഡോക് വാഗ്ദാനം ചെയ്യുന്നത്. 

തങ്ങളുടെ ആശയം പ്രാവര്‍ത്തികമാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന് അറിയാവുന്ന ഇവര്‍ ആദ്യ പടിയായി പേറ്റന്റിന് അപേക്ഷിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കൊമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രി മന്ത്രാലയത്തിന്റെ കീഴിലുള്ള ജനറല്‍ ഓഫ് പേറ്റന്റ്, ഡിസൈന്‍സ്, ട്രെയ്ഡ് മാര്‍ക്ക് വിഭാഗം കഴിഞ്ഞ ജുലൈ 27-ന് ഇവരുടെ അപേക്ഷ സ്വീകരിച്ചു. സെയദ് അബുബേക്കര്‍, ഫദല്‍ കണ്ടപത്ത്, അലി ഹംസ ഷരീഖ്, അദ്‌നാന്‍ ഷബീര്‍ എന്നിവരുടെ വി-ഡോകിന്റെ പേരാണ് ആൻ ഓട്ടോണമസ് സ്മാർട്ട് നാവിഗേഷൻ മെഡിക്കൽ റോബോട്ടിക് ഇക്കോസിസ്റ്റം ആൻഡ് മെതേഡ് ദേർഓഫ് (AN AUTONOMOUS SMART NAVIGATIONAL MEDICAL ROBOTIC ECOSYSTEM AND METHOD THEREOF).

ബയോമെഡിക്കല്‍ ഓട്ടോണമസ് റോബോട്ട് ഫോര്‍ മോണിറ്ററിങ്
ബിഎആര്‍എം. (ബയോമെഡിക്കല്‍ ഓട്ടോണമസ് റോബോട്ട് ഫോര്‍ മോണിറ്ററിങ്) സുപ്രധാന ആരോഗ്യ പരിശോധനകള്‍ നടത്തി ഡേറ്റകള്‍ ശേഖരിക്കാനും രോഗികളുടെ വീട്ടുപടിക്കല്‍ ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യാനും കഴിവുള്ള ഒരു റോബോട്ടിക് സംവിധാനമാണ്. ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരും രോഗികളും തമ്മിലുള്ള വിടവ് നികത്തി വിദൂര പ്രദേശങ്ങളില്‍ സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് ബിഎആര്‍എം. 

റോബോട്ടിന് രക്തസമ്മര്‍ദ്ദം, ഗ്ലൂക്കോസ് അളവ്, ശരീര ഉഷ്മാവ് തുടങ്ങിയവ അളക്കാന്‍ കഴിയും. കൂടാതെ, കൂടുതല്‍ വിശകലനത്തിനായി സാമ്പിളുകള്‍ ശേഖരിക്കാനും വിദൂരത്ത് ഇരുന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ വിതരണം ചെയ്യാനും കഴിവുണ്ട്. അതുപോലെതന്നെ വളരെ ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് പോലും കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. ഇതോടെ രോഗികള്‍ക്ക് ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതിന്റെ ആവശ്യകത കുറയുന്നു.

വി-ഡോക് ഇക്കോസിസ്റ്റം
ബിഎആര്‍എമ്മിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ഒരു സമഗ്ര പ്ലാറ്റ്ഫോമാണ് വി-ഡോക് ഇക്കോസിസ്റ്റം. തത്സമയ ഡേറ്റ ശേഖരണം, റിമോട്ട് കണ്‍സള്‍ട്ടേഷനുകള്‍, എന്നിവയ്ക്കുള്ള നൂതന സാങ്കേതികവിദ്യകള്‍ ഇത് സമന്വയിപ്പിക്കുന്നു. 

ഹെല്‍ത്ത് കെയര്‍ ഡെലിവറിക്കുള്ള ഡ്രോണുകള്‍:
ബിഎആര്‍എമ്മിനെ കുടാതെ, വിദൂര പ്രദേശങ്ങളിലെ ആരോഗ്യ സേവനങ്ങളുടെ വ്യാപനവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് ഡ്രോണുകളുടെ ഉപയോഗവും വി-ഡോക് ഇക്കോസിസ്റ്റത്തില്‍  ഉള്‍ക്കൊള്ളുന്നു. പരമ്പരാഗത മാര്‍ഗങ്ങളിലൂടെ ആക്സസ് ചെയ്യാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലേക്ക് വാക്സിനുകള്‍, മരുന്നുകള്‍, ഡയഗ്നോസ്റ്റിക് ടൂളുകള്‍ തുടങ്ങിയ മെഡിക്കല്‍ സാധനങ്ങള്‍ എത്തിക്കുന്നതിനാണ് ഈ ഡ്രോണുകള്‍ ഒരുക്കിയിരിക്കുന്നത്. പ്രോജക്ട് വികസിക്കുമ്പോള്‍ കൂടുതല്‍ റോബോട്ടുകളും ഡ്രോണുകളും ചേര്‍ക്കാന്‍ അനുവദിക്കുന്ന തരത്തിലാണ്  രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

രോഗികള്‍ക്ക് ബിഎആര്‍എം ശേഖരിച്ച ഡേറ്റ ആക്സസ് ചെയ്യാന്‍ കഴിയുന്ന ഡോക്ടര്‍മാരുമായി കൂടിയാലോചന നടത്താം, ശാരീരിക സാന്നിധ്യം കൂടാതെ കൃത്യമായ രോഗനിര്‍ണ്ണയങ്ങളും സമയോചിതമായ ഇടപെടലുകള്‍ക്കും ഇത് സാധ്യമാക്കുന്നു.

സ്വയംഭരണ നാവിഗേഷന്‍
ബിഎആര്‍എം നൂതന നാവിഗേഷന്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. അത് ഗ്രാമപ്രദേശങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കുന്നു. ആരോഗ്യ സംരക്ഷണം ഏറ്റവും അപ്രാപ്യമായ സ്ഥലങ്ങളില്‍ പോലും എത്തുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഇതിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയും.

സ്റ്റീരിയോ ക്യാമറകള്‍, 3ഡി, 2ഡി ലിഡാര്‍സ്, എച്ച്.ഡി ക്യാമറകള്‍, ഒരു ഇനര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് എന്നിവയുടെ സംയോജനം ഉപയോഗിച്ച്, റോബോട്ടിന് ഗ്രാമങ്ങളില്‍ ചുറ്റി സഞ്ചരിക്കാനും താമസക്കാരെ സ്ഥിരമായി പരിശോധിക്കാനും കഴിയും. ഗ്രാമീണ സമൂഹങ്ങളിലെ ഏറ്റവും ദുര്‍ബലരായ അംഗങ്ങള്‍ക്ക് സ്ഥിരമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, പ്രായമായവര്‍ക്കും വിട്ടുമാറാത്ത രോഗികള്‍ക്കും ഇത് പ്രത്യേക ശ്രദ്ധ നല്‍കുന്നു.

വി-ഡോക്കിന്റെ തുടക്കം 
2022-ല്‍ കുവൈത്തില്‍ നടന്ന സയന്‍സ് ആൻഡ് ടെക്‌നോളജി ഇവന്റിലാണ് ഇവരുടെ കൂട്ടുകെട്ട് പിറക്കുന്നത്. അന്ന് പ്രഫഷനലുകള്‍ക്കെതിരെ ഓപ്പണ്‍ വിഭാഗത്തില്‍ മത്സരിക്കുമ്പോള്‍, അവരുടെ പ്രാരംഭ പ്രോട്ടോടൈപ്പിന് മൂന്നാം സ്ഥാനം നേടനായി. ഈ നേട്ടമാണ് പുത്തന്‍ ആശയത്തിലേക്ക് നയിച്ച് പിന്നീട് വി-ഡോക് എന്ന പദ്ധതിയായി രൂപമെടുത്തത്. അവരുടെ പ്രോജക്ടിന്റെ സാധ്യതകള്‍ മനസ്സിലാക്കി, ഓരോ വിദ്യാര്‍ഥിയും വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിന് വ്യത്യസ്തമായ പങ്ക് വഹിച്ചു.

പേറ്റന്റ് നടപടി
അഹ്‌മദി ഡിപിഎസ് (FAIPS) സ്‌കൂളിലാണ് ഇവര്‍ പഠിച്ചിരുന്നത്. പത്ത് കഴിഞ്ഞപ്പോള്‍ സെയദ് അബുബേക്കര്‍ തുടര്‍ പഠനത്തിന് സ്‌പെയിനിലും അലി തുര്‍ക്കിലേയ്ക്കും പോയി.  കുവൈത്ത് വിടുന്ന ഘട്ടത്തിലാണ് തങ്ങളുടെ കണ്ടുപിടിത്തത്തിന് ഔദ്യോഗിക പരിവേഷം വേണമെന്ന ചിന്തവന്നത്. തുടര്‍ന്ന്, പേറ്റന്റ് നടപടിക്കായ് എജന്റെിനെ 2023-ജൂലൈയിൽ സമീപിച്ചു.

അവരുടെ പേപ്പര്‍ വര്‍ക്കുകള്‍ ഒരു വര്‍ഷം നീണ്ടു. ഇതിനിടയില്‍ വി-ഡോക്കില്‍ പല പുത്തന്‍ ആശയങ്ങൾ ഉള്‍പ്പെടുത്താൻ ഇവര്‍ക്ക് കഴിഞ്ഞു. കാഡ് (CAD) മോഡലുകള്‍ സൃഷ്ടിക്കുന്നതിലും പേറ്റന്റിന് ആവശ്യമായ സാങ്കേതിക രേഖകള്‍ തയ്യാറാക്കുന്നതിലും ഫദല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പേറ്റന്റ് ഏജന്റ് ഉള്‍പ്പെടെയുള്ളവരുമായുള്ള കോണ്‍ടാക്റ്റുകള്‍ സെയ്ദ് കൈകാര്യം ചെയ്തു. അവരുടെ കണ്ടുപിടുത്തത്തെ ചുറ്റിപ്പറ്റിയുള്ള ആവാസവ്യവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 

3ഡി, കാഡ് മോഡലുകളെ പേറ്റന്റ് സ്‌കെച്ചുകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും പേറ്റന്റ് ആപ്ലിക്കേഷന്റെ ശരിയായ ഫോര്‍മാറ്റിങ് ഉറപ്പാക്കുകയും അദ്‌നാനന്റെ ചുമതലയില്‍പ്പെട്ടതായിരുന്നു. ബിഎആര്‍എം കൊണ്ടുവരാന്‍ ആവശ്യമായ സെന്‍സറുകളും ഹാര്‍ഡ്വെയറും ശേഖരിച്ചത് അലിയാണ്. 

ഒന്നു മുതൽ രണ്ടു വര്‍ഷം വരെയെടുക്കും പേറ്റന്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍. അതിനിടയില്‍ ബിഎആര്‍എമ്മിന്റെ ആദ്യരൂപം സൃഷ്ടിക്കാനാണ് ഇവരുടെ പദ്ധതി. പദ്ധതിയെകുറിച്ചുള്ള വിവരങ്ങള്‍ https://www.vdoc.health/ ലഭ്യമാണ്.

English Summary:

V-Doc, a rural healthcare solution, was created by four Indian students in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com