കാർഷിക മേഖലയിൽ പുതിയ തൊഴിലവസരങ്ങളുമായി സൗദി
Mail This Article
ജിദ്ദ ∙ പ്രാദേശിക വിപണികളിലെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും കാർഷിക മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സൗദി അറേബ്യ റോസ് കൃഷിയുടെയും ഉൽപാദനത്തിന്‍റെയും പ്രാദേശികവൽക്കരണം പ്രഖ്യാപിച്ചു. സൗദി വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങൾക്കനുസൃതമായി കാർഷിക മേഖലയുടെ വളർച്ചയ്ക്ക് സംഭാവന നൽകിക്കൊണ്ട് ഗൾഫ്, മധ്യപൂർവ്വ രാജ്യങ്ങളിലേക്ക് സൗദി റോസാപ്പൂക്കൾ കയറ്റുമതി ചെയ്യുന്നതിനുള്ള വിപണികൾ തുറക്കാനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഈ മേഖലയുടെ വികസനത്തിന് പിന്തുണ നൽകുന്നതിന് നിരവധി പ്രോത്സാഹനങ്ങൾ നൽകുമെന്ന് പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം വെളിപ്പെടുത്തി. ഏറ്റവും ശ്രദ്ധേയമായ പ്രോത്സാഹനങ്ങളിൽ ഒന്നാണ് ടിഷ്യു കൾച്ചർ റോസ് കൃഷിയുടെ വിജയം. ഇത് റോസ് ഫാമിങിന്‍റെ വികസനത്തിനും അഭിവൃദ്ധിയ്ക്കും സംഭാവന നൽകുന്നതിനൊപ്പം ഉൽപാദനച്ചെലവ് കുറയ്ക്കുന്നു.
റോസ് പ്രോജക്ടുകൾക്ക് പ്രോത്സാഹജനകമായ വിലയിൽ അനുയോജ്യമായ കൃഷിഭൂമി, റോസാപ്പൂവിന്‍റെ താരതമ്യ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുന്ന നിക്ഷേപ അവസരങ്ങൾ, പദ്ധതി ചെലവിന്‍റെ 70% ഉൾക്കൊള്ളുന്ന കാർഷിക വികസന ഫണ്ടിൽ നിന്നുള്ള വായ്പകൾ എന്നിവയും മന്ത്രാലയം വാഗ്ദാനം ചെയ്യുന്നു.
കൂടാതെ ലൈസൻസിങ് പ്രക്രിയകളുടെ ഓട്ടോമേഷനോടൊപ്പം റോസ് കൃഷിക്കും ഉൽപാദന പദ്ധതികൾക്കും മന്ത്രാലയം സാങ്കേതിക പിന്തുണയും നൽകുന്നുണ്ട്. റോസ് കൃഷിയുടെയും ഉൽപ്പാദന പദ്ധതികളുടെയും വിജയത്തിന് താരതമ്യേന നേട്ടങ്ങളിലുള്ള നിക്ഷേപവും ലഭ്യമായ സവിശേഷതകളും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഉൽപ്പാദനവും തൊഴിലാളിച്ചെലവും കുറയ്ക്കാൻ സഹായിക്കുന്ന സ്മാർട്ട് സംവിധാനങ്ങളുടെ ഉപയോഗത്തിന് പുറമേ ഹൈഡ്രോപോണിക് ഫാമിങ് പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കൃഷിക്ക് ഉപയോഗിക്കുന്നതിനുള്ള സാധ്യതയും ശ്രദ്ധിക്കപ്പെടുന്നുണ്ട്.