ഉല്ലാസപ്പൂരവുമായി ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത വേവ് പൂൾ ഒക്ടോബറിൽ
Mail This Article
അബുദാബി ∙ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത വേവ് പൂൾ (സർഫ് അബുദാബി) ഒക്ടോബറിൽ അബുദാബി ഹുദൈരിയാത്തിൽ തുറക്കും. കൃത്രിമ തിരമാല സൃഷ്ടിച്ച് ഒരുക്കിയ പൂളിൽ തുടക്കക്കാർ മുതൽ പരിചയ സമ്പന്നരായ സർഫർമാർക്കുവരെ യഥേഷ്ടം ഉല്ലസിക്കാം. പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയും.
മൊഡോൺ, കെല്ലി സ്ലേറ്റർ വേവ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമാണ് സർഫ് അബുദാബി. തുടക്കക്കാർ മുതൽ പരിചയസമ്പന്നരായ സർഫർമാർക്കു വരെ ഉല്ലസിക്കാവുന്ന വിധമാണ് രൂപകൽപന. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജമാക്കിയ സർഫ് അബുദാബിയിൽ സമുദ്രത്തിലെ അതേ അനുഭവം ഉറപ്പാക്കുന്നു. സ്ഥിരതയാർന്നതും നിയന്ത്രിക്കപ്പെടുന്നതുമായി തിരമാലകൾ ഒരേസമയം ആവേശവും സുരക്ഷിതത്വം സമ്മാനിക്കുമെന്ന് ജനറൽ മാനേജർ റയാൻ വാട്ട്കിൻസ് പറഞ്ഞു.
ഈ മാസാവസാനത്തോടെ രാജ്യാന്തര പരിപാടിക്കു വേദിയാകുമെങ്കിലും ഔപചാരിക ഉദ്ഘാടനം ഒക്ടോബറിലാണ്. ഉയർന്ന നിലവാരമുള്ള കായിക സൗകര്യങ്ങൾക്ക് പേരുകേട്ടതാണ് ഹുദൈരിയാത്ത് ദ്വീപ് തിരഞ്ഞെടുക്കാൻ കാരണമെന്നും പറഞ്ഞു. ഇവിടെ എത്തുന്ന എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കും വിധം അത്യാധുനിക സാങ്കേതിക വിദ്യയുണ്ടെന്നും പറഞ്ഞു.
4 വയസ്സു മുതലുള്ള കുട്ടികൾക്കും സർഫിങിന്റെ ബാലപാഠം അഭ്യസിക്കാം. പ്രഫഷനൽ സർഫർമാർക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള പരിശീലനവും ഇവിടെ ലഭിക്കും. രാവിലെ 9 മണിക്ക് തുറക്കുമെങ്കിലും സുരക്ഷാകാര്യങ്ങൾക്കായി ഒരു മണിക്കൂർ നേരത്തെ എത്തുന്നാണ് ഉചിതം.
തുടക്കക്കാർക്ക് ബീച്ച് ബ്രേക്ക്
നവാഗതർക്ക് തിരമാലകളോട് മല്ലിടാനുള്ള ബാലപാഠം നൽകുന്ന ഭാഗമാണ് ബീച്ച് ബ്രേക്ക്. സർഫിങ് പാഠം അനുകരിക്കുന്ന വൈറ്റ് വാട്ടർ, ആർജിച്ചെടുത്ത വിദ്യകൾ പരിശീലിച്ചു തുടങ്ങുന്ന ഗ്രീൻ വാട്ടർ എന്നീ 2 ഭാഗമാക്കി തിരിച്ച സോണുകളിലാവും പ്രവേശനം. ആത്മവിശ്വാസം വളർത്തുന്നതിനും അടിസ്ഥാന വൈദഗ്ധ്യം പഠിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്‌തിരിക്കുന്ന മൃദുവായ റോളിങ് തരംഗങ്ങളിലാവും നവാഗതർ വെള്ളത്തിൽ പിച്ചവയ്ക്കുക.
പരിചയക്കാർക്ക് കൊക്കോ ബീച്ച്
സർഫിങിൽ അനുഭവപരിചയം ഉള്ളവർക്കായി വേഗം കുറഞ്ഞതും അരയ്ക്കൊപ്പം ഉയരത്തിൽ ഉള്ളതുമായ തിരമാല കൊക്കോ ബീച്ചിൽ ഒരുക്കിയിരിക്കുന്നത്.
സാഹസികതയ്ക്ക് പോയിന്റ് ബ്രേക്ക്
സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കുള്ള സുരക്ഷിത ഇടമാണ് പോയിന്റ് ബ്രേക്ക്. വേഗമേറിയ തിരമാലകൾ ഉള്ള ഇടത്തിൽ അൽപം സാഹസിക സർഫിങ്ങും സാധ്യമാകും.
കെല്ലിസ് വേവ് പ്രഫഷനൽസിന്
സർഫിങിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന പ്രഫഷനൽസിന് അനുയോജ്യമാണ് ഈ വിഭാഗം. ഒന്നിലധികം ബാരൽ സെക്ഷനുകളുള്ള ഉയർന്ന പ്രകടന തരംഗങ്ങളാണ് ഈ സോണിന്റെ പ്രത്യേകത. 60 മിനിറ്റ് ദൈർഘ്യമുള്ള സർഫിങ് ക്ലാസുകളിൽ അടിസ്ഥാന, സാങ്കേതിക, സുരക്ഷാ വിവരങ്ങൾ പരിചയപ്പെടുത്തും.
ലോകോത്തര താമസ, കായിക, വിനോദ കേന്ദ്രമായി 5.1 കോടി ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന വെലോഡ്രോം അബുദാബിയുടെ ഭാഗമായാണ് സർഫ് അബുദാബി. 220 കി.മീ നീളത്തിൽ ഹുദൈരിയാത്ത് ദ്വീപിൽ ലോകോത്തര സൈക്ലിങ് ട്രാക്കും സജ്ജമാക്കുന്നുണ്ട്.
സർഫ് അബുദാബി, വെലോഡ്രോം അബുദാബി എന്നിവയ്‌ക്കു പുറമെ ട്രെയിൽ എക്‌സ്, ബൈക്ക് പാർക്ക്, 321 സ്‌പോർട്‌സ് സാഹസിക കായിക പ്രേമികളെ ആകർഷിക്കുന്ന ഒട്ടേറെ വിനോദങ്ങളും ദ്വീപിലുണ്ട്. ഏറ്റവും വലിയ അർബൻ പാർക്ക്, എലവേറ്റഡ് സൈക്ലിങ് ട്രാക്ക്, കണ്ടൽക്കാടുകൾ, ഇക്കോ ഫാമിങ് എന്നിവയാണ് മറ്റു ആകർഷണം.