അവധിദിനത്തിലെത്തിയ ഓണം ആഘോഷമാക്കി പ്രവാസികൾ
Mail This Article
അബുദാബി ∙ പ്രതീക്ഷകളുടെ പൂക്കളമിട്ടും രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന വിഭവങ്ങൾ ആസ്വദിച്ചും തിരുവാതിരയും പുലിക്കളിയും ചെണ്ടമേളവും വടംവലിയും ഉറിയടിയുമൊക്കെമായി മറുനാടൻ മലയാളികളും ഓണം ആഘോഷിച്ചു.
അവധി ദിനത്തിൽ എത്തിയ തിരുവോണം ആഘോഷമാക്കി പ്രവാസികൾ. തിരുവോണ ദിവസം തന്നെ ഓണാഘാഷം ഗംഭീരമാക്കാൻ സാധിച്ച നിർവൃതിയുണ്ട് പ്രവാസി മലയാളികൾക്ക്. മുൻകാലങ്ങളിൽ വാരാന്ത്യ അവധിയും ഓഡിറ്റോറിയത്തിന്റെ ലഭ്യതയും നോക്കി ആഴ്ചകൾ പിന്നിട്ടായിരുന്നു ആഘോഷം.
ജോലിത്തിരക്കിനിടെ തിരുവോണത്തിന് സദ്യ കഴിക്കാൻ പറ്റാത്ത വിഷമവും ഇത്തവണ ഉണ്ടായില്ല. വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും സംഘടനകളുടെ പരിപാടികളിലുമൊക്കെയായിരുന്നു ഭൂരിഭാഗം പേരുടെയും ഓണാഘോഷങ്ങൾ. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സദ്യയുണ്ടാക്കി. ചിലർ ഹോട്ടലുകളിൽ പോയാണ് സദ്യയുണ്ടത്.
പാട്ടും നൃത്തവും മറ്റു കലാവിരുന്നുമായി ഒരു പകൽ മുഴുവൻ ആഘോഷത്തിമിർപ്പിലായിരുന്നു പ്രവാസികൾ. തിരുവോണ നാളിൽ തന്നെ വിഭവ സമൃദ്ധമായ ഓണസദ്യ വിളമ്പാനായ നിർവൃതിയിൽ ഒട്ടേറെ സംഘടനകളുമുണ്ട്. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലും വിപുലമായ ആഘോഷം അരങ്ങേറി.
തിരുവോണ നാളിൽ അത്തപ്പൂക്കളം ഒരുക്കുമ്പോഴും പലരുടെയും മനസ്സ് നാട്ടിലെ തൊടിയിൽ തുമ്പപ്പൂവും മുക്കുറ്റിയും തേടി അലയുകയായിരുന്നു. ഓണപ്പാട്ടുകളും ആഘോഷത്തിന് പൊലിമയായി. ജീവിത മാർഗം തേടി കേരളം വിട്ട പ്രജകളെ കാണാൻ ഗൾഫിൽ എത്തിയ മാവേലി തമ്പുരാനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആഘോഷപൂർവം വരവേറ്റു. ജനങ്ങളെ ആനുഗ്രഹിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്തും മാവേലി വേദിയിലും ജനമനസിലും നിറഞ്ഞു.
ഓണാഘോഷത്തെ മലയാളികളെക്കാൾ ആവേശത്തോടെ കാത്തിരിക്കുന്ന വിദേശികളുമുണ്ട്. കസവ് മുണ്ടും സെറ്റ് സാരിയും ഉൾപ്പെടെ കേരളീയ വസ്ത്രങ്ങൾ അണിഞ്ഞു ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്ന അവർ. ഒരുമയുടെ കരുത്തിൽ അരങ്ങേറിയ വടംവലി മത്സരവും ആർപ്പുവിളിയും മലയാളികളുടെയും മറുനാട്ടുകാരുടെയും ആവേശം ഇരട്ടിപ്പിച്ചു.