ADVERTISEMENT

റിയാദ് ∙ സൗദിയിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി  അബ്ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട ഹർജിയിൽ പൊതുവാദം കേൾക്കാൻ 17 ന് കോടതി സമയം അനുവദിച്ചെന്ന് റിയാദ് റഹീം സഹായ സമിതി റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷനിൽ നിന്നും റഹീമിന്‍റെ ഫയലുകൾ കോടതിയിലെത്തിയിട്ടുണ്ടെന്നും ഇനി മുൻകൂട്ടി നൽകിയിട്ടുളള തീയതി പ്രകാരം ഒക്ടോബർ 17 ന് വ്യാഴാഴ്ച രാവിലെ കോടതി ചേരും.

കോടതി അനുവദിച്ച സമയത്ത് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും, പ്രതിഭാഗം വക്കീലും, റഹീമിന്‍റെ കുടുംബപ്രതിനിധിയും റിയാദിലെ ക്രിമിനൽ കോടതിയിൽ ഹാജരാകും. അന്നേ ദിവസം തന്നെ മോചന ഉത്തരവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി ഭാരവാഹികൾ പറഞ്ഞു. ഒക്ടോബർ 17 ഈ കേസിന് ഏറെ നിർണ്ണായക ദിനമാണ്. മരണമടഞ്ഞ യുവാവിന്‍റെ കുടുംബം ദയാധനം സ്വീകരിച്ചതോടെ വധശിക്ഷ റദ്ദ് ചെയ്തിരുന്നു.

ബാക്കി നിലവിലുള്ള പബ്ലിക് റൈറ്റ്സിലാണ് കോടതി വിധിയുണ്ടാകേണ്ടത്. 18 വർഷത്തിലധികമായി തടവ് ശിക്ഷ തുടരുന്നതിനാൽ പബ്ലിക് റൈറ്റ്സിലെ പരമാവധി ശിക്ഷ പൂർത്തിയായിട്ടുണ്ട്. ഇനിയുളളത് മോചന ഉത്തരവാണ് ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം സഹായ സമിതിയുടെ സ്റ്റിയറിങ് കമ്മിറ്റി പുതിയ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ചിരുന്നു.

അബ്ദുൽ റഹീം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
അബ്ദുൽ റഹീം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

അടുത്ത കോടതി സിറ്റിങ്ങിന് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ അബ്ദുൽ റഹീമിന്‍റെ വക്കീൽ ഒസാമ അൽ അമ്പർ, റഹീമിന്‍റെ കുടുംബപ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ ആവശ്യമായ നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകുന്നുണ്ടെന്ന് മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ, ചീഫ് കോർഡിനേറ്റർ ഹർഷദ് ഫറോക്ക്, വൈസ് ചെയർമാൻ മുനീബ് പാഴൂർ എന്നിവർ പറഞ്ഞു.

ബന്ധപ്പെട്ട വിഷയങ്ങളിൽ ഉയർന്നിട്ടുളള  ആരോപണങ്ങൾക്ക് മറുപടി പറയാൻ സമയം ആയിട്ടില്ലെന്നും റഹീം പുറത്തിറങ്ങുക എന്ന ലക്ഷ്യം തെറ്റിക്കുന്ന ഒരുതരം വിവാദങ്ങൾക്കും തൽക്കാലം ചെവി കൊടുകുന്നില്ലെന്നും സമിതി പറഞ്ഞു. റഹീമിന്‍റെ മോചന ഉത്തരവ് കിട്ടിയാൽ ഉടൻതന്നെ ജനകീയ സമിതി വിളിച്ച് ഇത് സംബന്ധിച്ച് തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ കാര്യങ്ങളും സമിതിക്ക് മുന്നിൽ വിവരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 

മുഖ്യരക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ, ഷകീബ് കൊളക്കാടൻ, സുരേന്ദ്രൻ കൂട്ടായി, മീഡിയ കൺവീനർ നൗഫൽ പാലക്കാടൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

Court Sitting on Abdul Rahim's Release Plea on October 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com