ADVERTISEMENT

ദുബായ് ∙ പ്രഖ്യാപിക്കുമ്പോള്‍ തന്നെ വിറ്റഴിയുകയാണ് ദുബായിലെ വമ്പന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍. ദുബായിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ കുതിപ്പ് തുടരുന്നുവെന്നതിന്‍റെ സൂചന തന്നെയാണിത്. പ്രഖ്യാപിച്ച അപാർട്മെന്‍റുകളും വില്ലകളും സമയബന്ധിതമായി പൂർത്തിയാക്കി നല്‍കാന്‍ മേഖലയിലെ പ്രമുഖരായ ഡെവലപർമാർക്കും കഴിയുന്നു. ഇത് തന്നെയാണ് ഇവരുടെ പദ്ധതികള്‍ക്ക് ആവശ്യക്കാരേറുന്നതിന്‍റെ കാരണവും.

∙ ബ്രാന്‍ഡ് ദുബായ്
യുഎഇയില്‍ പ്രത്യേകിച്ചും ദുബായില്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചു. മറ്റ് ആഗോള നഗരങ്ങളെ അപേക്ഷിച്ച് ദുബായിലെ സ്ഥലത്തിന് വില കുറവാണെന്നുളളതാണ് പ്രധാന ആകർഷണം. നിർമ്മാണ ഘട്ടങ്ങളില്‍ അധികൃതരുടെ നിരന്തരപരിശോധന ഗുണനിലവാരം ഉറപ്പിക്കാന്‍ സഹായിക്കുന്നു.

Representative Image. Image Credit: Sven Hansche/shutterstock.com
Representative Image. Image Credit: Sven Hansche/shutterstock.com

∙ പ്രതീക്ഷ നല്‍കുന്ന 2025
2024ന്‍റെ രണ്ടാം പകുതിയിലും റിയല്‍ എസ്റ്റേറ്റ് ശക്തമാണെന്ന സൂചനയാണ് വിപണി നല്‍കുന്നത്. 2025 ലും ഇതേ രീതിയില്‍ തന്നെ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയും. ആഗോള നഗരമാണ് ദുബായ്. സുരക്ഷയും വളർച്ചയും ഉറപ്പുതരുന്ന നഗരം. സംരംഭകർക്ക് സർവ്വ പിന്തുണയും നല്‍കുന്ന ദുബായ് അടുത്തിടെ നടപ്പിലാക്കിയ ഗോള്‍ഡന്‍ വീസ സമ്പ്രദായം നിരവധി പേരെ ഇവിടേക്ക് ആകർഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

ഇവിടെ വില്ലയോ അപാർട്മെന്‍റോ വാങ്ങുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലാത്തവർ പോലും അത്തരം കാര്യങ്ങളെ കുറിച്ച് ആലോചിക്കുകയും നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നുവെന്നുളളതാണ് ഗോള്‍ഡന്‍ വീസയുടെ വലിയ നേട്ടങ്ങളില്‍ ഒന്ന്. ലണ്ടന്‍, പാരീസ്, ഹോങ്കോങ്, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച്, അതേ നിലവാരത്തില്‍ ചെലവുകുറഞ്ഞ താമസം ദുബായില്‍ ലഭിക്കുന്നു.

ദുബായ് ഷെയ്ഖ് സായിദ് റോഡിലെ രാത്രി ദൃശ്യം.
ദുബായ് ഷെയ്ഖ് സായിദ് റോഡിലെ രാത്രി ദൃശ്യം.

നഗരത്തിലെ പ്രധാന റിയല്‍ എസ്റ്റേറ്റ് ദാതാക്കളായ എമാർ, നഖീല്‍, ദമാക്, ശോഭാ ഗ്രൂപ്പ്, സമാന, ഡാന്യൂബ് തുടങ്ങിയവർക്കെല്ലാം പുതിയ പദ്ധതികളുണ്ട്. 2024 ആഗസ്റ്റ് വരെയുളള കണക്കുകള്‍ നോക്കുമ്പോള്‍ 93,000 പുതിയ യൂണിറ്റുകളാണ് നഗരത്തിലുടനീളം പ്രഖ്യാപിക്കപ്പെട്ടത്. സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ദാതാക്കളുടെ 1.2 ബില്ല്യൻ ദിർഹം വില വരുന്ന 600 യൂണിറ്റുകള്‍ മണിക്കൂറുകള്‍ കൊണ്ടാണ് വിറ്റുപോയത്.

സമാന ഡെവലപേഴ്സിന്‍റെ വാട്ടർഫ്രണ്ട് പദ്ധതിയായ ഓഷ്യന്‍ പേള്‍ ഒന്നും ഓഷ്യന്‍ പേള്‍ രണ്ടും രണ്ട് മണിക്കൂർ കൊണ്ട് വിറ്റുപോയി. ഏകദേശം 660 മില്ല്യണ്‍ ദിർഹം വില വരുന്ന പദ്ധതികളാണിത്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അല്‍ദാർ പ്രോപ്പർട്ടീസിന്‍റെ അത്ലോണ്‍ പ്രഖ്യാപിച്ച് 48 മണിക്കൂറിനുളളിലാണ് വിറ്റുപോയത്. 4.1 ബില്ല്യണ്‍ ദിർഹം വില വരുന്ന പദ്ധതിയാണിത്. മാജിദ് ഡെവലപ്മെന്‍റ്സിന്‍റെ ആദ്യ പദ്ധതി സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. 40 ശതമാനത്തോളം യൂണിറ്റുകളും വിറ്റുപോയി.

ദുബായ് നഗരം. (ആകാശ ദൃശ്യം).
ദുബായ് നഗരം. (ആകാശ ദൃശ്യം).

∙ വാങ്ങുന്നവരില്‍ ഇന്ത്യാക്കാരും
യുഎഇയിലുളളവരും വിദേശികളും വസ്തുവാങ്ങുന്നവരില്‍ മുന്‍പന്തിയിലുണ്ട്. നേരത്തെ ഏഷ്യന്‍ സ്വദേശികളാണ് വസ്തുവാങ്ങുന്നവരില്‍ മുന്നിലായിരുന്നതെങ്കില്‍ ഇപ്പോള്‍ ബ്രിട്ടിഷ് യൂറോപ്യന്‍ നിക്ഷേപകരാണ് കൂടുതല്‍. എമിറേറ്റ്സ് എന്‍ബിഡി നടത്തിയ സർവേ പ്രകാരം വിപണിയില്‍ 104,250 യൂണിറ്റുകളാണ് 2024 ല്‍ വില്‍പനയ്ക്ക് എത്തിയത്. 2023 ല്‍ 14,000 ഇടപാടുകള്‍ നടന്ന സ്ഥാനത്താണിത്. സെപ്റ്റംബറിലാണ് സർവേ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2024 ജൂലൈയില്‍ 40.5 ബില്ല്യണ്‍ ദിർഹത്തിന്‍റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നത്. ആഗസ്റ്റില്‍ 37.23 ബില്ല്യണ്‍ ദിർഹവും.

ബുർജ് ഖലീഫയും റോഡുകളും മേൽപ്പാലങ്ങളും ചേർന്നു ദുബായ് നഗരത്തിന്റെ രാത്രികാല കാഴ്ച. ചിത്രങ്ങൾ : സുരേഷ് കുമാർ, കരാമ
ബുർജ് ഖലീഫയും റോഡുകളും മേൽപ്പാലങ്ങളും ചേർന്നു ദുബായ് നഗരത്തിന്റെ രാത്രികാല കാഴ്ച. ചിത്രങ്ങൾ : സുരേഷ് കുമാർ, കരാമ

∙ മുന്‍പന്തിയില്‍ ജുമൈറ വില്ലേജ് സർക്കിള്‍
ദുബായില്‍ ആഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടന്ന മേഖല ജുമൈറ വില്ലേജ് സർക്കിളാണ്. ആയിരത്തോളം യൂണിറ്റുകളാണ് ഇവിടെ വിറ്റുപോയത്. ദുബായ് സൗത്തില്‍ 800 യൂണിറ്റുകള്‍ വിറ്റുപോയി. അൽ മക്തൂം ഇന്റർനാഷണൽ വിമാനത്താവളം പ്രവർത്തനമാരംഭിക്കുന്നതിന്‍റെ മുന്നോടിയായി നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് ദുബായ് സൗത്ത്.

English Summary:

Dubai Real Estate: Major Projects Selling out within Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com