പ്രതിരോധ വ്യവസായത്തിൽ പങ്കാളിത്തം വ്യാപിപ്പിക്കാൻ ഇന്ത്യ-യുഎഇ ധാരണ
Mail This Article
അബുദാബി∙ പ്രതിരോധ വ്യവസായ പങ്കാളിത്തം ശക്തമാക്കാൻ ഇന്ത്യ-യുഎഇ ധാരണ. അബുദാബിയിൽ ചേർന്ന ഇന്ത്യാ-യുഎഇ ഡിഫൻസ് ഇൻഡസ്ട്രീസ് കോഓപ്പറേഷൻ ഫോറത്തിലാണ് സുപ്രധാന മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാൻ ധാരണയായത്. പ്രതിരോധ വ്യവസായങ്ങൾ, സാങ്കേതിക കൈമാറ്റം, സംയുക്ത പദ്ധതികൾ തുടങ്ങിയ മേഖലകളിലെ സഹകരണ കരാറുകളിലും ഇരുരാജ്യങ്ങളിലെ സ്ഥാപനങ്ങൾ ഒപ്പുവച്ചു.
പ്രതിരോധ ഉപകരണങ്ങൾക്കും സേവനങ്ങൾക്കും സുരക്ഷിത വിതരണ ശൃംഖല ഉറപ്പാക്കാൻ യോജിച്ചു പ്രവർത്തിക്കും. ഇരുരാജ്യങ്ങൾക്കും ഗുണകരമാകും വിധം സഹകരണം ശക്തിപ്പെടുത്തും. ഇതിനായി സംയുക്ത യോഗങ്ങൾ, സെമിനാറുകൾ , സമ്മേളനങ്ങൾ തുടങ്ങി വ്യത്യസ്ത പരിപാടികളിലൂടെ ആശയവിനിമയം സുഗമമാക്കും. ഭാവിയിലെ അവസരങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനും ധാരണയായി. വിവിധ മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതിഫലനമാണ് ഫോറമെന്ന് തവാസുൻ കൗൺസിൽ സിഇഒ മുഅമ്മർ അബ്ദുല്ല അബുഷിഹാബ് പറഞ്ഞു.
തന്ത്രപ്രധാന മേഖലയിലെ സഹകരണത്തിനും ബിസിനസ് വികസനത്തിനുമുള്ള വഴികൾ ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങളിലെയും വ്യവസായ നേതാക്കളെയും സർക്കാർ പ്രതിനിധികളെയും ഒരുമിച്ച് കൊണ്ടുവരാനുള്ള മികച്ച അവസരമാണിതെന്നും പറഞ്ഞു. എമിറേറ്റ്സ് ഡിഫൻസ് കമ്പനീസ് കൗൺസിലും (ഇഡിസിസി) സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേഴ്സും (എസ്ഐഡിഎം) സംയുക്തമായി സംഘടിപ്പിച്ച ഫോറത്തിൽ
ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങളിലെ മുതിർന്ന സർക്കാർ, സൈനിക ഉദ്യോഗസ്ഥരും യുഎഇയിലെ ഇന്ത്യൻ എംബസി പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, എഡ്ജ് ഗ്രൂപ്പ് സിഇഒ ഹമദ് അൽ മാരാർ, ഇഡിസിസി ചെയർമാൻ മോന അഹമ്മദ് അൽ ജാബിർ, ബ്രിഗേഡിയർ ആശിഷ് ഭട്ടാചാര്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രങ്ങൾ ഒപ്പിട്ടത്.