ADVERTISEMENT

ദുബായ് ∙ രാജ്യത്തിന്റെ സമസ്ത മേഖലകളിലും വനിതകൾക്കു തുല്യ പ്രാധാന്യം ഉറപ്പുവരുത്താൻ നയങ്ങളിൽ തുടർച്ചയായി മാറ്റങ്ങൾ വരുത്തി യുഎഇ. രാജ്യത്തെ സ്വകാര്യ കമ്പനികളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന പുതിയ നിയമമാണ് ഏറ്റവും ഒടുവിലത്തേത്.

നിയമം നടപ്പിലാകുന്നതോടെ രാജ്യത്തെ എല്ലാ കമ്പനികളിലും ഒരു വനിതയെങ്കിലും ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഉണ്ടാകും. സ്വകാര്യ ജോയിന്റ് സ്റ്റോക് കമ്പനികളാണ് ആദ്യ ഘട്ടത്തിൽ വനിതാ പ്രാതിനിധ്യ നിയമം നടപ്പാക്കേണ്ടത്.  ഭരണതലത്തിലും നിയമ നിർമാണത്തിലും അടക്കം നേരത്തെ തന്നെ വനിതകളെ തുല്യമായാണ് രാജ്യം പരിഗണിക്കുന്നത്. യുഎഇയുടെ നിയമ നിർമാണ സഭയായ ഫെഡറൽ നാഷനൽ കൗൺസിലിൽ 50% ആണ് വനിതാ സംവരണം.

എഫ്എൻസിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ പകുതിയിലധികം വനിതാ സ്ഥാനാർഥികളാണ്. ദേശീയ മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകളിൽ 9 പേർ വനിതകളാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ  66 ശതമാനവും വനിതകളാണ്. 2020 മുതൽ ഒരേ തസ്തികയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ വേതനമാണ്. കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം സ്വദേശി വനിതകളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം 1.35 ലക്ഷം ആയി ഉയർന്നു. 

യുഎഇ നിലവിൽ വന്നതിനു തൊട്ടുപിന്നാലെ വനിതാ ശാക്തീകരണ നിയമം രാജ്യം പാസാക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് മറ്റെല്ലാ തീരുമാനങ്ങളും വന്നത്. യൂണിവേഴ്സിറ്റി തലം വരെയുള്ള വിദ്യാഭ്യാസം സ്ത്രീകൾക്കും പുരുഷന്മാർക്കും സൗജന്യവും നിർബന്ധവുമാണ്. ഇത് ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശം കൂടിയാണ്. ഓഗസ്റ്റ് 28ന് ആണ് രാജ്യം ദേശീയ ഇമറാത്തി വനിതാ ദിനം ആചരിക്കുന്നത്. 

നൂറ അൽ മത്റൂഷി. ചത്രം: വാം
നൂറ അൽ മത്റൂഷി. ചത്രം: വാം

യുഎഇയുടെ അടുത്ത ബഹിരാകാശ ദൗത്യത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോകുന്ന രണ്ടു പേരിൽ ഒരാൾ വനിതയാണ്. യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നോറ അൽ മത്റൂഷി യാത്രയുടെ അവസാന ഘട്ട ഒരുക്കത്തിലാണിപ്പോൾ.  ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ വനിതകളെ ഉൾപ്പെടുത്താനുള്ള തീരുമാനം രാജ്യത്തു ലിംഗ സമത്വം ത്വരിതപ്പെടുത്തുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു. യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ പ്രസിഡന്റ് ഷെയ്ഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് നടപടി.

സ്വകാര്യ തൊഴിൽ മേഖലയിൽ വനിതകളുടെ എണ്ണം കൂടുതലായി ഉണ്ടെങ്കിലും സീനിയർ ലീഡർഷിപ്പിലും മിഡ് മാനേജ്മെന്റിലും വനിതകളുടെ എണ്ണം വർധിപ്പിക്കേണ്ടത് ആവശ്യമാണ്. വനിതാ പ്രാതിനിധ്യം ബോർഡിൽ വരുന്നതു വഴി തുല്യത എന്ന ആശയത്തെ മികച്ച നിലയിൽ യാഥാർഥ്യമാക്കാൻ കഴിയും. മലബാർ ഗോൾഡിന്റെ യുഎഇയിലെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് പുതിയ വനിതാ ഡയറക്ടർ എത്തും. ഇന്ത്യയിലെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ വനിതയുണ്ട്. വനിതകൾ നയിക്കുന്ന വൻകിട സ്വകാര്യ കമ്പനികൾ ഈ രാജ്യത്തിനു മാതൃകയായുണ്ട്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിനെ നയിക്കുന്നത് അലീഷ മൂപ്പനാണ്. അങ്ങനെ ചൂണ്ടിക്കാണിക്കാൻ ഉദാഹരണങ്ങൾ ധാരാളം. മലബാറിലും ഉടൻ വനിതാ ഡയറക്ടർ ഉണ്ടാകും.

English Summary:

UAE Makes Women on Board Mandatory for Some Firms from 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com