സംഗീതത്തിന്റെ താളത്തിൽ ദുബായ് മെട്രോ യാത്ര; സംഗീത പ്രതിഭകളെ കണ്ടുമുട്ടാം
Mail This Article
ദുബായ് ∙ ട്രെയിൻ യാത്ര സംഗീത സാന്ദ്രമാക്കി ദുബായിൽ മെട്രോ മ്യൂസിക് ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം. അഞ്ചു മെട്രോ സ്റ്റേഷനുകളിലായി ഈ മാസം 27 വരെ നീളുന്ന സംഗീതോത്സവത്തിൽ ആഗോള തലത്തിലെ 20 സംഗീതജ്ഞരുടെ മാസ്മരിക പ്രകടനം ആസ്വദിക്കാം.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) സഹകരണത്തോടെ ദുബായ് മീഡിയ ഓഫിസിന്റെ കലാ വിഭാഗമായ ബ്രാൻഡ് ദുബായ് ആണ് ഉത്സവം സംഘടിപ്പിക്കുന്നത്. ആഗോള സംഗീതത്തിന്റെ താളത്തിൽ മുന്നോട്ടുനീങ്ങുന്ന മെട്രോ യാത്രയിൽ നവാഗതരായ സംഗീത പ്രതിഭകളെ കണ്ടുമുട്ടാം. വൈവിധ്യമാർന്ന സംഗീതോപകരണങ്ങൾ ഉപയോഗിച്ചാണ് സംഘം നാദ വിസ്മയങ്ങൾ തീർക്കുന്നത്.
വ്യത്യസ്ത സംഘങ്ങൾ ദിവസേന വിവിധ സ്റ്റേഷനുകളിൽ പര്യടനം നടത്തുന്നതിനാൽ യാത്രക്കാർക്ക് ഓരോ ദിവസവും പുതുമയാർന്ന സംഗീതം ആസ്വദിക്കാനാകും. ഉദ്ഘാടന ദിനമായ ഇന്നലെ അവിസ്മരണീയ സംഗീത പ്രകടനങ്ങൾക്കാണ് യാത്രക്കാർ സാക്ഷ്യം വഹിച്ചത്.
സംഗീത മികവിന്റെ ഊർജസ്വലമായ സാംസ്കാരിക വേദിയാക്കി മെട്രോ സ്റ്റേഷനെ മാറ്റുകയായിരുന്നു ആഗോള തലത്തിലുള്ള നൂതന സംഗീതജ്ഞർ. ദുബായ് മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, ബർജുമാൻ, യൂണിയൻ, ഡി.എം.സി.സി എന്നീ മെട്രോ സ്റ്റേഷനുകളിലൂടെ വൈകിട്ട് 5.00 മുതൽ രാത്രി 10.00 വരെ യാത്ര ചെയ്യുന്നവർക്ക് ഈ സംഗീതം ആസ്വദിക്കാം.
പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് നിർമിച്ച സംഗീത ഉപകരണങ്ങളിലൂടെ ലോകോത്തര നാദവിസ്മയം തീർക്കുമ്പോൾ താളം പിടിച്ചും ഏറ്റുപാടിയും യാത്രക്കാർ ഒപ്പം കൂടുന്നു. ലോകമെമ്പാടുമുള്ള സംഗീത പ്രതിഭകളുടെ സമ്പന്നമായ നിര എല്ലാ രാജ്യക്കാരെയും തൃപ്തിപ്പെടുത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ ദുബായിലെ സാംസ്കാരിക കലണ്ടറിലെ പ്രധാന പരിപാടിയായി മെട്രോ സംഗീതോത്സവം മാറി.
സ്റ്റേഷൻ
യൂണിയൻ, ബർജുമാൻ, ദുബായ് മാൾ, മാൾ ഓഫ് എമിറേറ്റ്‌സ്, ഡിഎംസിസി.
സമയം
ദിവസേന വൈകിട്ട് 5 മുതൽ രാത്രി 10 വരെ