മരണം വരെയും കോൺഗ്രസുകാരനായിരിക്കുമെന്ന് ടി. പത്മനാഭൻ
Mail This Article
മനാമ∙ മരണം വരെയും കോൺഗ്രസുകാരനായിരിക്കുമെന്നും തന്റെ മൃതദേഹം കോൺഗ്രസ് പതാകയിൽ പുതപ്പിച്ചു വേണം ശ്മശാനത്തിലേക്ക് എടുക്കാനെന്നും എഴുത്തുകാരൻ ടി. പത്മനാഭൻ. കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, അതൊരു വികാരമാണ്, തരംഗമാണ്, ഓളമാണ്. 96ന്റെ പടിവാതിലിൽ നിൽക്കുന്ന താനല്ല, പുതിയതായി കടന്നു വരുന്ന അനേകം ചെറുപ്പക്കാരാണ് ഈ പ്രസ്ഥാനത്തിന്റെ പ്രതീക്ഷ. കോൺഗ്രസ് മുക്ത ഭാരതം എന്നു വീമ്പു പറയുമെങ്കിലും അതിനാർക്കും കഴിയില്ലെന്നും പത്മനാഭൻ പറഞ്ഞു. പ്രിയദർശിനി പബ്ലിക്കേഷൻസിൻസ് മിഡിൽ ഈസ്റ്റ് ചാപ്റ്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഏത് ഇറച്ചി വെട്ടുകാരനും ഗാന്ധിയൻ എന്നു പറയുന്ന കാലമാണിത്. മോഷണം തൊഴിലാക്കിയവനെയും പിടിച്ചു പറിക്കാരനെയും വിശേഷിപ്പിക്കുന്നതു പ്രമുഖ ഗാന്ധിയൻ എന്നാണ്. ഗാന്ധിയൻ പട്ടം ആർക്കും ചാർത്തിക്കൊടുക്കാൻ നമുക്കു മടിയില്ല. തന്റെ അഭിപ്രായത്തിൽ ഒരു ഗാന്ധിയനെ ലോകത്തുണ്ടായിട്ടുള്ളു. അതു മഹാത്മാ ഗാന്ധിയാണ്. ഒരു ക്രിസ്ത്യാനിയെ ലോകത്തുണ്ടായിട്ടുള്ളു. അത് യേശു ക്രിസ്തുവാണ്.
പിന്നീടൊരു ക്രിസ്ത്യാനിയോ ഗാന്ധിയനോ ഉണ്ടായിട്ടില്ല. അവർ ജീവിച്ചിരുന്നപ്പോൾ ചുറ്റമുള്ളവർക്ക് അവരെ സഹിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ ക്രിസ്തുവിനെ കുരിശിലേറ്റി, ഗാന്ധിജിയെ വെടിവച്ചു കൊന്നു.കെ. കേളപ്പനെയും സി.കെ. ഗോവിന്ദൻ നായരെയും ഇ. മൊയ്തുമൗലവിയെയും അടുത്തറിഞ്ഞിട്ടുള്ള ആളാണ് താൻ. സി.കെ. ഗോവിന്ദൻ നായർ രാഷ്ട്രീയം തുടങ്ങുമ്പോൾ വലിയ സമ്പന്നനായിരുന്നു. മരിക്കുമ്പോൾ അതീവ ദരിദ്രനും. ഇന്ന്, ഏതു രാഷ്ട്രീയമെന്നില്ല, കാശുണ്ടാക്കാൻ, നാലു പുത്തൻ നേടാനാണ് ആളുകൾ പൊതുപ്രവർത്തകരാകുന്നത്.
നിർധന കുടുംബത്തിൽ ജനിച്ച് ഒരു വകയുമില്ലാതെ നടന്ന വ്യക്തി രാഷ്ട്രീയത്തിൽ വന്ന് വളരെ അധികം കുബേരനാകുന്ന അനുഭവങ്ങൾ നമുക്കു ചുറ്റുമുണ്ട്. ഏതെങ്കിലും ഒരു പാർട്ടിയെ ഉദ്ദേശിച്ചു പറയുന്നതല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും അവസ്ഥ ഇതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ മുഖ്യ ഭരണാധികാരിയായ പിണറായി വിജയനോട് വളരെ അടുത്ത സ്നേഹബന്ധമുള്ള വ്യക്തിയാണ് താൻ. അതുകൊണ്ടു മാത്രം അവർ ചെയ്യുന്നതൊക്കെ ശരിയാണെന്നു പറയാൻ കഴിയില്ല. പി. കൃഷ്ണപിള്ള മരിക്കുന്നതു വരെയും ഒരു ഖദർ ഷർട്ടും ഒരു ഖദർ മുണ്ടുമാണ് ഉപയോഗിച്ചിരുന്നത്. രാത്രിയിൽ കിടക്കും മുൻപ് ആ മുണ്ടും ഷർട്ടും അലക്കിയിടും. രാവിലെ ഈറനോടെയാണ് അദ്ദേഹം ഇട്ടു കൊണ്ടു പോയിരുന്നത്. കയ്യിൽ പണമില്ല. പലപ്പോഴും വണ്ടിക്കൂലിക്കു പണമില്ലാത്തതിനാൽ അദ്ദേഹം കള്ളവണ്ടി കയറി. കൃഷ്ണപിള്ളയാണല്ലോ സഖാക്കളുടെ കുലദൈവം. അദ്ദേഹത്തിന്റെ ഏത് ആദർശമാണ് അവർ കൊണ്ടു നടക്കുന്നതെന്നും പദ്മനാഭൻ ചോദിച്ചു.
പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ പഴകുളം മധു അധ്യക്ഷനായിരുന്നു. പ്രിയദർശിനി പുസ്തക ക്ലബ് എം.വിൻസന്റ് എംഎൽഎയും ടി. പത്മനാഭനെക്കുറിച്ചു സുസ്മേഷ് ചന്ദ്രോത്ത് നിർമിച്ച ഫീച്ചർ ഫിലിമിന്റെ പ്രദർശനം കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാറും ഉദ്ഘാടനം ചെയ്തു.
പ്രിയദർശിനി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് എം.എസ്. സെയ്ദ്, മിഡിൽ ഈസ്റ്റ് ചാപ്റ്റർ കോ ഓർഡിനേറ്റർ സഞ്ജു പിള്ള, പി.വി. രാധാകൃഷ്ണ പിള്ള, രാജു കല്ലുമ്പുറം, നൗഫൽ പാലക്കാടൻ, ഗഫൂർ ഉണ്ണികുളം, ബിനു കുന്നന്താനം, ബോബി പാറയിൽ, ഗിൽബർട്ട് ജോൺ, ജോൺ കോശി എന്നിവർ പ്രസംഗിച്ചു.