ADVERTISEMENT

ദുബായ് ∙ ദുബായ് റോഡിലൂടെ 'പറപറന്ന' കാറിന്‍റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറിൽ 220 കിലോ മീറ്റർ വേഗത്തിലാണ് തിരക്കേറിയ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡി(ഇ311)ലൂടെ കാർ ചീറിപ്പാഞ്ഞത്. തന്‍റെ വേഗം ഡ്രൈവർ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച പുലർച്ചെ പൊലീസ് പട്രോളിങ് കാറിനെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. റോഡ് സുരക്ഷിതമാക്കുന്നതിനും ഡ്രൈവറെ തടയുന്നതിനുമായി കൂടുതൽ പട്രോളിങ്ങിനെ വിളിച്ചതായി ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് അൽ മസ്‌റൂയി പറഞ്ഞു. തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.  

നിയമനടപടികൾക്കായി ഇയാളെ പ്രോസിക്യൂട്ടർമാർക്ക് കൈമാറുകയും കാർ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.  ഡ്രൈവറുടെ വിഡിയോയുടെ ദൃശ്യങ്ങൾ പൊലീസിന്‍റെ ഔദ്യോഗിക ചാനലുകളിൽ പങ്കുവച്ചു. ഡ്രൈവറുടെ സുരക്ഷയ്ക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും ഒരുപോലെ അപകടമുണ്ടാക്കുന്നതാണ് കാറിന്‍റെ അമിതവേഗമെന്ന് അധികൃതർ പറഞ്ഞു. യുഎഇ നിയമമനുസരിച്ച് തന്‍റെ കാർ വിട്ടുകിട്ടാൻ ഡ്രൈവർ 50,000 ദിർഹം നൽകണമെന്നും മേജർ ജനറൽ അൽ മസ്‌റൂയി കൂട്ടിച്ചേർത്തു.  ഇ311-ലെ വേഗ പരിധി മണിക്കൂറിൽ 110കിലോ മീറ്റർ ആണ്. മണിക്കൂറിൽ 20 കിലോ മീറ്റർ ബഫർ സമയവും അനുവദിച്ചിട്ടുണ്ട്.

∙ അമിതവേഗം ജീവന് ഭീഷണി
അതേസമയം, യുഎഇയിലെ റോഡ് സുരക്ഷയിൽ അമിതവേഗം  ഒരു പ്രധാന ആശങ്കയായി തുടരുന്നു. പരമാവധി വേഗപരിധി മണിക്കൂറിൽ 60 കി.മീ കവിഞ്ഞാൽ 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റുകളും കൂടാതെ 30 ദിവസത്തേയ്ക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. നിശ്ചിത പരിധികൾ പാലിക്കേണ്ടതിന്‍റെ ഭാഗമായി വേഗം കുറവുള്ള നിയമലംഘനങ്ങൾക്കും പിഴ ചുമത്തും.   

ചുവപ്പ് ലൈറ്റുകൾ അവഗണിച്ചോടുന്ന ഡ്രൈവർമാർക്കും മോട്ടോർ സൈക്കിൾ യാത്രക്കാർക്കും 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റും ചുമത്തും. ഹെവി വെഹിക്കിൾ ഡ്രൈവർമാർക്ക് 3,000 ദിർഹം പിഴയും ഒരു വർഷത്തെ ലൈസൻസ് സസ്പെൻഷനും ലഭിക്കും.

∙ ബ്ലാക്ക് പോയിന്‍റുകളെക്കുറിച്ചറിയാം
റോഡ് നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾക്ക് ഡ്രൈവർമാർക്ക് നൽകുന്ന പിഴയാണ് ബ്ലാക്ക് പോയിന്‍റുകൾ. നൽകിയ പോയിന്‍റുകളുടെ എണ്ണം കുറ്റകൃത്യത്തെ ആശ്രയിച്ചിരിക്കുന്നു.  ഒരു ഡ്രൈവർക്ക് 12 മാസത്തിനുള്ളിൽ 24 ബ്ലാക്ക് പോയിന്‍റുകൾ ലഭിച്ചാൽ ആ വ്യക്തിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. 

നിയമ ലംഘനങ്ങളുടെ തീവ്രതയെ അടിസ്ഥാനമാക്കിയാണ് സസ്പെൻഷന്‍റെ ദൈർഘ്യം തീരുമാനിക്കുന്നത്.  ദുബായ് പൊലീസ് വെബ്‌സൈറ്റിൽ 143 ഫെഡറൽ ട്രാഫിക് നിയമങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പിഴ, ബ്ലാക്ക് പോയിന്‍റുകൾ, വാഹനം കണ്ടുകെട്ടൽ, ലൈസൻസ് സസ്പെൻഷൻ എന്നിവയുൾപ്പെടെയുള്ള വിവിധ പിഴകൾ എല്ലാ എമിറേറ്റുകൾക്കും ബാധകമാണ്.  കാർ കണ്ടുകെട്ടിയാൽ അത് റിലീസ് ചെയ്യുന്നതിന് അധിക ഫീസ് ഉണ്ട്. കുറ്റകൃത്യം അനുസരിച്ച് ഇവയ്ക്ക് ഒരു ലക്ഷം ദിർഹം വരെ എത്താം

English Summary:

The police arrested the driver of the car that was traveling at high speed on the Dubai road.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com