കുവൈത്തിലെ ഇന്ത്യക്കാരുടെ ക്ഷേമം; കിരീടാവകാശിയോട് നന്ദി രേഖപ്പെടുത്തി മോദി
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നേത്യത്വത്തിലുള്ള ഭരണകൂടത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ അമേരിക്കയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹുമായി നടത്തിയ ചര്‍ച്ചയിലാണ് നന്ദി രേഖപ്പെടുത്തിയത്. ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്കില്‍ നടക്കുന്ന 79-ാമത് സമ്മേളനത്തോടനുബന്ധിച്ച് എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. കുവൈത്തുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യ അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രിയും കുവൈത്ത് കിരീടാവകാശിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇരു നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി സമൂഹ മാധ്യമത്തില്‍ വ്യക്തമാക്കി. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍. സ്വദേശികള്‍ അടക്കം കുവൈത്തില്‍ അമ്പത് ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ പത്ത് ലക്ഷത്തില്‍ അധികവും ഇന്ത്യക്കാരാണ്.
ഇവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും കുവൈത്ത് ഭരണാധികാരികള്‍ നല്‍കിവരുന്ന സഹകരണം വിസ്മരിക്കാനാവില്ല.ഫാര്‍മ, ഭക്ഷ്യ സംസ്‌കരണം, സാങ്കേതികവിദ്യ, ഊര്‍ജം തുടങ്ങിയ മേഖലകളിലെ ഇന്ത്യ-കുവൈത്ത് ബന്ധത്തിന് എങ്ങനെ കൂടുതല്‍ ഊര്‍ജം പകരാമെന്നത് അടക്കം ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്ത് അമീറിന്റെ പ്രതിനിധിയായിട്ടാണ് കിരീടാവകാശി ഐക്യരാഷ്ട്രസഭാ യോഗത്തില്‍ സംബന്ധിക്കുന്നത്.