തീർഥാടകർക്ക് നിയന്ത്രണവുമായി സൗദി അറേബ്യ
Mail This Article
മക്ക ∙ അടുത്തവർഷത്തെ ഹജ് തീർഥാടനത്തിന് കർശന ആരോഗ്യ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി സൗദി അറേബ്യ. കടുത്ത ചൂടിൽ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ് വേളയിൽ ദിവസേന 25 കിലോമീറ്റർ വരെ നടക്കേണ്ടിവരുന്നതിനാൽ ആരോഗ്യമുള്ളവർക്ക് മാത്രമേ തീർഥാടനം സാധ്യമാകൂ എന്നതിനാലാണ് നിയന്ത്രണമെന്നും പറഞ്ഞു.
65 വയസ്സിനു മുകളിലുള്ളവർ, ഹൃദയം, വൃക്ക, ശ്വാസകോശം, പ്രമേഹം, കാൻസർ തുടങ്ങി വിട്ടുമാറാത്ത രോഗമുള്ളവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, ഗർഭിണികൾ, 12 വയസ്സിന് താഴെയുള്ളവർ ഇത്തവണത്തെ ഹജ് തീർഥാടനം മാറ്റിവയ്ക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു.
ഇക്കഴിഞ്ഞ ഹജ് തീർഥാടനത്തിൽ കൊടും ചൂട് മൂലം 1300ലേറെ പേർ മരിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. ഹജ് വേളയിലെ താപനില 51.8 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നത് തീർഥാടകരെ വലച്ചിരുന്നു. 2025ലെ ഹജ് സീസണിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.