യുഎഇയിൽ നേരിയ ഭൂചലനം
Mail This Article
അബുദാബി ∙ യുഎഇയിൽ 1.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ദേശീയ കാലാവസ്ഥാ കേന്ദ്രത്തി(എൻസിഎം)ലെ നാഷനൽ സെയ്സ്മിക് നെറ്റ് വർക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫുജൈറ ദിബ്ബയിലെ അൽ റഹീബ് മേഖലയിലാണ് രാത്രി 10.27 ന് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടുത്തെ താമസക്കാർക്ക് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും പ്രദേശത്ത് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സെപ്റ്റംബർ ഒന്നിന് ഫുജൈറയിലെ മസാഫി മേഖലയിൽ റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് മുൻപ് ഓഗസ്റ്റ് 18 ന് ദിബ്ബ തീരത്ത് 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനം യുഎഇയിൽ ജൂൺ 8 ന് രാത്രി 11.01 ന് മസാഫിയിലും രേഖപ്പെടുത്തിയിരുന്നു. മേയ് 29 ന് ഒമാൻ കടലിൽ ഉണ്ടായ ചെറിയ ഭൂചലനങ്ങളിൽ നിന്ന് യുഎഇയിലെ താമസക്കാർക്കും ഭൂചലനം അനുഭവപ്പെട്ടു. മേയ് 29 ന് റാസൽഖൈമ തീരത്ത് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും പിന്നീട് 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി.