ADVERTISEMENT

റിയാദ് ∙ വയനാട്ടിലെ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അട്ടമലയിലെയും നിവാസികളുടെ ദുരിതത്തിൽ കൈത്താങ്ങായി റിയാദിലെ കുരുന്നുകൾ. ദുരന്ത വാർത്ത നിരന്തരം ശ്രദ്ധയിൽപ്പെടുകയും മാതാപിതാക്കൾ ദിവസേന ഇതേ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതും കേട്ടാണ് ബുറൈദയിലെ ഇന്ത്യൻ എംബസി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി ആരാധ്യ മജീഷ് അമ്മയോട് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുന്നത്.

അമ്മ രമ്യയിൽ നിന്നും കിട്ടിയ വിവരങ്ങൾക്ക് പുറമെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ സഹായങ്ങളുടെ കണക്കുകളുടെ കൂട്ടത്തിൽ സ്കൂൾ കുട്ടികൾ ശേഖരിച്ചു നൽകിയതും കൊച്ചുകുട്ടികൾ തങ്ങളുടെ സമ്പാദ്യ കുടുക്കകൾ സ്കൂൾ അധ്യാപകരെ ഏൽപ്പിക്കുന്നതുമായ വാർത്തകൾ ആരാധ്യ ശ്രദ്ധിച്ചു തുടങ്ങി. തനിക്കും ഇതുപോലെ എന്തെങ്കിലും കൊടുക്കാൻ സാധിക്കുമോ എന്ന മകളുടെ ചോദ്യം ആദ്യം തമാശ രൂപേണ രമ്യ കരുതിയെങ്കിലും വീണ്ടും ആവശ്യം ആവർത്തിച്ചപ്പോൾ ജീവിത പങ്കാളി മജീഷിനെ ധരിപ്പിക്കുകയായിരുന്നു.

നിഹാരിക, നീരജ് എന്നിവരുടെ ഫണ്ട് കേളി കുടുംബവേദി പ്രവർത്തകർ ഏറ്റുവാങ്ങുന്നു.
നിഹാരിക, നീരജ് എന്നിവരുടെ ഫണ്ട് കേളി കുടുംബവേദി പ്രവർത്തകർ ഏറ്റുവാങ്ങുന്നു.

ആരാധ്യ തന്നെയാണ് മജീഷിനോട് തന്റെ കമ്മലുകൾ നൽകാനുള്ള ആവശ്യം ഉന്നയിച്ചതും. കുഞ്ഞു മകളുടെ മനസ്സിൽ ഉടലെടുത്ത സഹജീവി സ്നേഹത്തിനുള്ള ആഗ്രഹം സാധിപ്പിക്കുവാൻ മജീഷ് തീരുമാനിക്കുകയായിരുന്നു. റിയാദ് കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും പ്രവർത്തകരായ മജീഷും രമ്യയും വിവരം കേളി നേതൃത്വത്തെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളി സമാഹരിക്കുന്ന ഒരു കോടി രൂപ ചലഞ്ചിന്റെ ഭാഗമായികൊണ്ട്  മകളുടെ ആഗ്രഹം സാധിപ്പിക്കുവാൻ നേതൃത്വം നിർദ്ദേശം നൽകി.

റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കേളി ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി ആരാധ്യയിൽ നിന്നും കമ്മൽ ഏറ്റു വാങ്ങി. റിയാദ് ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയിലെ സേഫ്റ്റി മേനേജരായി ജോലി ചെയ്യുകയാണ് കണ്ണൂർ പാനൂർ സ്വദേശി മജീഷ്, ടെക്നിക്കൽ ട്രെയിനർ കൂത്തുപറമ്പ് സ്വദേശി രമ്യ നിലവിൽ ഓൺലൈനായി ക്ലാസുകൾ നൽകി വരുന്നു.

കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാറിന്റെയും, കേളി കുടുംബവേദി അംഗം ലക്ഷ്മി പ്രിയയുടെയും മക്കളായ നിഹാരികയുടെയും നീരജിന്റെയും സമ്പാദ്യകുടുക്കകളും കുട്ടികൾ  വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. റിയാദിലെ അൽ യാസ്മിൻ സ്കൂൾ വിദ്യാർഥികളായ നിഹാരിക ഏഴാം ക്ലാസി ലും, നീരജ് മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. കുടുംബവേദി പ്രവർത്തകർ കുട്ടികളിൽ നിന്നും സമ്പാദ്യകുടുക്കകൾ ഏറ്റു വാങ്ങി. കുട്ടികളുടെ മനുഷ്യത്വപരമായ ഇത്തരം പ്രവർത്തികൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും  നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികൾ പ്രതീക്ഷയുണ്ടെന്നും ഫണ്ട് ഏറ്റുവാങ്ങികൊണ്ട് കുടുംബവേദി സെക്രട്ടറി സീബാ കൂവോട് പറഞ്ഞു.

English Summary:

Malayali children in Riyadh with help in Wayanad disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com