വരുന്നു, വമ്പൻ ഇൻഡോർ എക്സിബിഷൻ സെന്റർ
Mail This Article
ദുബായ് ∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഇൻഡോർ എക്സിബിഷൻ സെന്റർ നിർമിക്കാനൊരുങ്ങി ദുബായ്. എക്സ്പോ സിറ്റിയിൽ നിലവിലുള്ള എക്സിബിഷൻ സെന്റർ വിപുലീകരിക്കാനായി 1000 കോടി ദിർഹം അനുവദിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് വിപുലീകരണ പദ്ധതിക്ക് അംഗീകാരം നൽകിയത്.
1.8 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള എക്സിബിഷൻ സെന്ററിൽ 26 ഹാളുകളും 300 റീട്ടെയ്ൽ ഔട്‌ലെറ്റുകളുമുണ്ടാകും. രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരമാണ് നിർമാണം നടത്തുക. ഇവന്റ്സ്, എക്സിബിഷൻസ് എന്നിവയുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രമായ ദുബായുടെ മികവ് ഉയർത്താൻ ലക്ഷ്യമിട്ടാണ് വിപുലീകരണം നടത്തുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ‘ആഗോളതലത്തിലുള്ള ബിസിനസ് സ്ഥാപനങ്ങളെയും സംരംഭകരെയും ആകർഷിക്കാനുള്ള ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് പദ്ധതിയൊരുക്കുന്നത്.
ഇത് സാമ്പത്തിക വളർച്ചയുടെ ആക്കം കൂട്ടുന്നതിനൊപ്പം ടൂറിസത്തെയും പ്രോത്സാഹിപ്പിക്കും. വിവിധ മേഖലകളിൽ വിദേശ നിക്ഷേപം വർധിക്കാനും പദ്ധതി വഴിയൊരുക്കും. ദുബായിക്കകത്തെ മറ്റൊരു നഗരമായ ദുബായ് സൗത്തിൽ സജ്ജമാകുന്ന എക്സിബിഷൻ സെന്ററിലേക്ക് അൽമക്തൂം വിമാനത്താവളത്തിൽനിന്ന് 15 മിനിറ്റിനകം എത്താനാകും. ദുബായ് സൗത്ത് മേഖലയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാനും ഈ സംരംഭത്തിനാകും’– ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ, ടൂറിസത്തിനും ബിസിനസിനുമുള്ള മികച്ച 3 ആഗോള ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ദുബായ് സ്ഥാനം ഉറപ്പിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ ചീഫ് എക്സിക്യൂട്ടീവും ദുബായ് വേൾഡ് ട്രേഡ് സെന്റർ അതോറിറ്റി ചെയർമാനുമായ ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. ദുബായ് എക്സിബിഷൻ സെന്റർ വിപുലീകരണത്തിന്റെ ആദ്യഘട്ടം 2026ൽ പൂർത്തിയാകും.
2028ൽ രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ വിസ്തീർണം 1.6 ലക്ഷം ചതുരശ്ര മീറ്ററായും 2031ൽ നിർമാണം പൂർത്തിയാകുന്നതോടെ 1.8 ലക്ഷം ചതുരശ്ര മീറ്ററായും വർധിക്കും. 2033നകം വർഷം 600 രാജ്യാന്തര പരിപാടികൾ ഇവിടെ സംഘടിപ്പിക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.