ADVERTISEMENT

തീർഥാടന കാലത്ത് പല ഗൾഫ് രാജ്യങ്ങളിലേക്കും വിദേശ രാജ്യങ്ങളിൽ നിന്ന് ഭിക്ഷാടകർ എത്തുന്നത് പതിവാണ്. പലരും മാതൃരാജ്യത്ത് നല്ല രീതിയിൽ ജീവിക്കുന്നവരാണ്. എങ്കിലും ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന വൻ തുക ലക്ഷ്യമിട്ടാണ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഈ പ്രവാഹം. തീർഥാടന കാലത്ത് ഇവരെ എത്തിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രവർത്തിക്കുന്ന മാഫിയയും വാർത്തകളിൽ ഇടം നേടുന്നത് പതിവ് സംഭവമാണ്. ഇത്തവണ പാക്കിസ്ഥാനിൽ നിന്നുള്ള ഭിക്ഷാടകർക്ക് എതിരെ കടുത്ത നിലപാടുമായി സൗദി അറേബ്യ രംഗത്ത് വന്നിരിക്കുകയാണ്.

ഭിക്ഷാടനത്തിനായി വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും എത്താൻ യാചകർ ഉംറ വീസ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് സൗദി അറേബ്യ ഈ ആഴ്ച പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഭിക്ഷാടകർ വിദേശ രാജ്യങ്ങളിൽ ഭിക്ഷ യാചിക്കാൻ വീസ ദുരുപയോഗം ചെയ്യുന്ന ഈ പ്രവണത പാക്കിസ്ഥാനെയും പാക്കിസ്ഥാൻ വീസ തേടുന്നവരെയും ആശങ്കാകുലരാക്കുന്നു.

ആ ആശങ്ക അസ്ഥാനത്തല്ല. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ പാക്കിസ്ഥാനി ഉംറ, ഹജ് തീർഥാടകരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സൗദി അറേബ്യയുടെ മതകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയതായി പാക്കിസ്ഥാൻ എക്സ്പ്രസ് ട്രിബ്യൂൺ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യൻ തെരുവുകൾ പാക്കിസ്ഥാൻ ഭിക്ഷാടകരാൽ നിറഞ്ഞിരിക്കുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

തീർഥാടകരെ ചൂഷണം ചെയ്യുന്നവരായിട്ടാണ് വ്യാജ യാചകരെ സൗദി കാണുന്നത്. ഇത് സൗദി അറേബ്യ മാത്രമല്ല, യുഎഇ ഉൾപ്പെടെ നിരവധി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പാക്കിസ്ഥാൻ ഭിക്ഷാടകർ കാണപ്പെടുന്നു.കഴിഞ്ഞ സെപ്റ്റംബറിൽ, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തടവിലാക്കപ്പെട്ട ഭിക്ഷാടകരിൽ 90 ശതമാനവും പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്ന് ഓവർസീസ് പാക്കിസ്ഥാനികളുടെ സെക്രട്ടറി സീഷൻ ഖൻസാദ പറഞ്ഞു.

പാക്കിസ്ഥാൻ ഭിക്ഷാടകർ ഉംറ വീസയിൽ സിയാറത്ത് (തീർഥാടനം) എന്ന പേരിൽ വിദേശയാത്ര നടത്തുകയും പിന്നീട് തെരുവിൽ ഭിക്ഷാടനം നടത്തുകയും ചെയ്യുന്നുവെന്ന് ഇറാഖിലെയും സൗദി അറേബ്യയിലെയും അംബാസഡർമാർ തങ്ങളോട് പറഞ്ഞതായി പാക്കിസ്ഥാൻ ജിയോ ന്യൂസ് ഉർദു ഖാൻസാദയെ ഉദ്ധരിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.

∙ യാചകരുടെ കയറ്റുമതിക്ക് പിന്നിൽ മാഫിയ നെറ്റ്‌വർക്ക്
ഇത് ഒരു വ്യക്തിയുടെ സൃഷ്ടിയല്ലെന്നും ഇതിന് പിന്നിൽ മാഫിയ പ്രവർത്തിക്കുന്നതായി പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി വെളിപ്പെടുത്തി. സൗദി അറേബ്യയിലേക്ക് യാചകരെ അയക്കുന്ന മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അംബാസഡർ നവാഫ് ബിൻ സെയ്ദ് അഹമ്മദ് അൽ മാൽക്കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നഖ്‌വി പറഞ്ഞു.

ഭിക്ഷാടകരെ വിദേശത്തേക്ക് അയക്കുന്ന ഈ ശൃംഖലയെ തകർക്കാൻ പാക്കിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ (എഫ്ഐഎ) ചുമതലപ്പെടുത്തി. ഹ്രസ്വകാലത്തേക്ക് മിഡിൽ ഈസ്റ്റിലേക്ക് പതിവായി യാത്ര ചെയ്യുന്ന യാത്രക്കാരെ കുറിച്ച് പാക്കിസ്ഥാനിലെ രാജ്യാന്തര വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തുന്നുവെന്ന് ഒരു എഫ്ഐഎ ഉദ്യോഗസ്ഥൻ ഡോണിനോട് പറഞ്ഞു.

സംശയം തോന്നിയാൽ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിടുമെന്ന് എഫ്ഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു മാസം മുൻപ് സൗദി അറേബ്യയിലേക്കുള്ള വിമാനത്തിൽ നിന്ന് കറാച്ചി വിമാനത്താവളത്തിൽ നിന്ന് 11 യാചകരെ എഫ്ഐഎ ഇറക്കി വിട്ടിരുന്നു.

∙ പാക്കിസ്ഥാൻ ഭിക്ഷാടകരും വീസ പ്രതിസന്ധിയും
യാചകർ സൗദി അറേബ്യയിലെ തീർഥാടകർക്കോ മറ്റ് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലെ ആളുകൾക്കോ ​​മാത്രമല്ല, പാക്കിസ്ഥാനികൾക്കും ഇപ്പോൾ വലിയ തലവേദനയാണ്. പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിക്കും നിയമപരമായി വിദേശത്ത് തൊഴിൽ തേടുന്നവരുടെ റെക്കോർഡ് എണ്ണത്തിനും ഇടയിലാണ് ഇത്.

‘‘ശരിയായ വീസയ്ക്ക് അപേക്ഷിക്കുന്ന നിയമാനുസൃത യാത്രക്കാർ, വിദ്യാർഥികൾ, തൊഴിലാളികൾ എന്നിവർ വിദേശ എംബസികളിൽ അധിക പരിശോധനയ്ക്ക് വിധേയരാകുകയും പതിവായി വീസ നിഷേധിക്കുപ്പെടുന്ന സംഭവങ്ങളും വർധിക്കുന്നു’’ റാഫിയ സക്കറിയ ഡോണിൽ എഴുതുന്നു.

വിദേശത്ത് ഭിക്ഷ യാചിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത ദശലക്ഷക്കണക്കിന് പാക്കിസ്ഥാനികൾ ചില തെറ്റുകാർ കാരണം  പാസ്‌പോർട്ടുമായി വീട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്ന് സക്കറിയ പറയുന്നു. കൂടാതെ, പാക്കിസ്ഥാൻ യാചകരെ ഇറക്കുമതി ചെയ്യുന്നത് നിർത്താൻ മിഡിൽ ഈസ്റ്റേൺ, ഗൾഫ് രാജ്യങ്ങൾ അവരുടെ വീസ പരിശോധന കർശനമാക്കണമെന്ന് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നു.

‘‘ഭിക്ഷാടകരെയും കുറ്റവാളികളെയും അനധികൃത കുടിയേറ്റക്കാരെയും തടയാൻ പാക്കിസ്ഥാൻ അധികൃതരെ നിർബന്ധിക്കുന്നതിന് പകരം ഈ രാജ്യങ്ങൾ അവരുടെ വീസ പ്രോസസ്സിങ് സംവിധാനം പരിശോധിക്കണം’’  മുതിർന്ന എഫ്ഐഎ ഓഫിസർ ഡോണിനോട് പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിലെ തൊഴിലുടമകൾ പാക്കിസ്ഥാന് പകരം ബംഗ്ലാദേശ് പോലുള്ള മറ്റ് പ്രാദേശിക രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ നിയമിക്കാൻ താൽപ്പര്യപ്പെടുന്നതെങ്ങനെയെന്ന് ജൂലൈയിൽ ജിയോ ന്യൂസ് റിപ്പോർട്ടുചെയ്തിരുന്നു. 'പാക്കിസ്ഥാൻ തൊഴിലാളികളുടെ പരിതാപകരമായ നിലവാരം' കാരണമായിരുന്നു അത്.

വിദേശത്തുള്ള പാക്കിസ്ഥാനികളുടെ മൊത്തത്തിലുള്ള പ്രതിച്ഛായ പാക്കിസ്ഥാനിൽ നിന്നുള്ള തൊഴിലന്വേഷകർക്ക് പ്രോത്സാഹജനകമല്ല. യാചകരെ കയറ്റുമതി ചെയ്യുന്നത് സൗദി അറേബ്യ പോലുള്ള രാജ്യങ്ങളെ മാത്രമല്ല, വർധിച്ചുവരുന്ന വീസ പരിശോധനയും വിസമ്മതങ്ങളും നേരിടുന്നതിനാൽ നിയമപരമായി വിദേശത്ത് അവസരങ്ങൾ തേടുന്ന പാക്കിസ്ഥാനികള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. 

English Summary:

Why beggars flying to beg abroad has Pakistanis worried

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com