ദൃശ്യ ശ്രവ്യ വിരുന്നൊരുക്കി 'പാലക്കാട് ഫ്രണ്ട്‌സ്' ഓണാഘോഷം
Mail This Article
മസ്‌കത്ത് ∙ പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷവും പതിനൊന്നാം വാർഷികവും രണ്ടു ദിവസത്തെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളിയായിരുന്നു മുഖ്യാതിഥി. അന്തരിച്ച പ്രശസ്ത നടി കവിയൂർ പൊന്നമ്മയെ അനുസ്മരിച്ചു കൊണ്ടാണ് അപർണ ബാലമുരളി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.
കൂട്ടായ്മയുടെ ഈ വർഷത്തെ സാംസ്‌കാരിക പുരസ്‌കാരം പ്രസിഡന്റ് പി ശ്രീകുമാർ, അപർണ ബാലമുരളിക്ക് സമ്മാനിച്ചു. താലപ്പൊലിയും ചെണ്ടമേളവും മാവേലിവരവേൽപ്പുമായി ആരംഭിച്ച ഓണാഘോഷ പരിപാടിയിൽ സുനിൽ ഗുരുവായൂരപ്പൻ അണിയിച്ചൊരുക്കിയ "കരിമ്പനക്കാറ്റ്' എന്ന ദൃശ്യാവിഷ്‌കാരം കാണികൾക്ക് ഏറെ ഹൃദ്യമായ അനുഭവമായി.
കൂട്ടായ്മയിലെ അംഗങ്ങളുടെ തിരുവാതിരക്കളി, ഉണ്ണിയാർച്ചയുടെ വീരകഥകൾ പറയുന്ന നൃത്താവിഷ്‌ക്കാരം, കുട്ടികളുടെ സിനിമാറ്റിക്ക് ഡാൻസ് എന്നിവ അരങ്ങേറി. യുവ ഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ എന്നിവരും സംഗീതജ്ഞരായ ബാലമുരളിയും പാലക്കാട് മുരളിയും ചേർന്നൊരുക്കിയ സംഗീത നിശയും ശ്രദ്ധേയമായി. രണ്ടാം ദിനം രാവിലെ, സംഗീതജ്ഞരായ ബാലമുരളിയും പാലക്കാട് മുരളിയും ചേർന്നൊരുക്കിയ ഗാനമേള ഏറെ ആസ്വാദ്യകരമായി. വിഭവസമൃദമായ ഓണസദ്യയും ഒരുക്കിയിരുന്നു.
പ്രസിഡൻറ് ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ജനറൽ സെക്രട്ടറി ജിതേഷ്, ട്രഷറർ ജഗദീഷ്, വനിതാ വിഭാഗം കോഓർഡിനേറ്റർ ചാരുലത ബാലചന്ദ്രൻ, പ്രോഗ്രാം കൺവീനർ വൈശാഖ്, സുരേഷ് ബാബു, പ്രവീൺ, ശ്രീജിത്ത് നായർ, പ്രസന്നകുമാർ, വിനോദ് പട്ടത്തിൽ, നിഖിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.