ഷെയ്ഖ് മുഹമ്മദ് വിദ്യാർഥികളുമായും ബിരുദധാരികളുമായും കൂടിക്കാഴ്ച നടത്തി
Mail This Article
അബുദാബി/ വാഷിങ്ടൻ ∙ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎസിലെ സർവകലാശാലകളിൽ പഠിക്കുന്ന എമിറാത്തി വിദ്യാർഥികളുമായും അടുത്തിടെ ബിരുദം നേടിയ ബഹിരാകാശ സഞ്ചാരികളായ നോറ അൽ മത്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവരുമായും കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് യുവാക്കളിൽ ഇന്ന് നിക്ഷേപം നടത്തേണ്ടത് പ്രാധാനന്യമർഹിക്കുന്ന കാര്യമാണെന്ന് തന്റെ ഔദ്യോഗിക സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഷെയ്ഖ് മുഹമ്മദ് വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. ലോകം അദ്ഭൂതപൂർവമായ വേഗത്തിലാണ്, പ്രത്യേകിച്ച് നൂതന സാങ്കേതികവിദ്യയിൽ മുന്നേറുന്നതെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും സാങ്കേതികരംഗത്തും വൈദഗ്ധ്യമുള്ളവർ ഏറെ സ്വാധീനം ചെലുത്തുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അതിന്റെ മൂല്യങ്ങളും തത്ത്വങ്ങളും സ്വഭാവവും പ്രതിഫലിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ അംബാസഡർമാരായി സ്വയം പരിഗണിക്കാൻ വിദ്യാർഥികളെ ആഹ്വാനം ചെയ്തു.
ബഹിരാകാശ പര്യവേക്ഷണത്തിൽ യുഎഇയ്ക്കും അറബ് ലോകത്തിനും ആദരവും അഭിമാനവും പകർന്ന എമിറാത്തികളെ അഭിനന്ദിച്ചു. മുഹമ്മദ് അൽ മുല്ല, നോറ അൽ മത്രൂഷി തുടങ്ങിയ എമിറാത്തി ബഹിരാകാശ യാത്രികർ പ്രസിഡന്റിനെ കണ്ടതിൽ സന്തോഷം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ കഠിനമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
പ്രത്യേക കാര്യങ്ങൾക്കായുള്ള പ്രസിഡൻഷ്യൽ കോടതി ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ; ദേശീയ സുരക്ഷാ സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, അമേരിക്കയിലെ യുഎഇ സ്ഥാനപതി യൂസഫ് അൽ ഒതൈബ എന്നിവരെ കൂടാതെ ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.