ADVERTISEMENT

സ്വപ്നങ്ങളുടെ ചിറകിലേറിയാണ് 2015ൽ 23–ാം വയസ്സിൽ ഗിഫ്റ്റ് സോളമൻ യുഎഇയിലെത്തുന്നത്. മികച്ച ജീവിതമെന്ന സ്വപ്നവുമായി നൈജീരയിൽ നിന്ന് യുഎഇയിലെത്തിയ ഗിഫ്റ്റിന് അപ്രതീക്ഷിതമായ പല വെല്ലുവിളികളും നേരിടേണ്ടി വന്നു. രാജ്യത്ത് എത്തി ആദ്യത്തെ മൂന്ന് മാസങ്ങൾ ഗിഫ്റ്റിന് ജോലി കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഷാർജയിൽ  താമസിച്ചിരുന്ന ഗിഫ്റ്റ് അഭിമുഖങ്ങൾക്കായി നിരന്തരം ദുബായിലേക്ക് യാത്ര ചെയ്തിരുന്നു. 

അക്കാലത്ത് കുടുംബത്തോട് താൻ ജോലി കണ്ടെത്തിയെന്നാണ് ഗിഫ്റ്റ് പറഞ്ഞിരുന്നത്. എന്തെങ്കിലും ജോലി കിട്ടിയാൽ മതിയെന്ന ചിന്ത പോലും ഗിഫ്റ്റിനെ ബാധിച്ചു തുടങ്ങി.

∙ പുതിയ തുടക്കം
അഭിമുഖങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ടും ഗിഫ്റ്റ് പരിശ്രമം അവസാനിപ്പിച്ചില്ല. നിരന്തര പരിശ്രമത്തിനൊടുവിൽ ദുബായ് മറീനയിലെ ഫ്രീഡം പീസയെന്ന സ്ഥാപനത്തിൽ വേറ്റ്റസായി ജോലി കിട്ടി. പ്രതിമാസം 2,500 ദിർഹം ശമ്പളം. സ്വപ്നം കണ്ട ജീവിതമായിരുന്നില്ലെങ്കിലും ഗിഫ്റ്റിന് ഫ്രീഡം പീസയിലെ ജോലി പുതിയ തുടക്കമായിരുന്നു. 

ഇതിനിടെയാണ് ഗിഫ്റ്റ് ഭക്ഷണം ഡെലിവറി ചെയ്യുന്നവർക്ക് തനിക്ക് കിട്ടുന്നതിനെക്കാൾ വരുമാനമുണ്ടെന്ന് മനസ്സിലാക്കിയത്. ഇതോടെ ദുബായിൽ ഇരുചക്രം വാഹനം ഓടിക്കാൻ ഗിഫ്റ്റ് പരിശീലനം നേടി. ഇതിന് ആവശ്യമായ സഹായം സ്ഥാപനം ചെയ്ത് നൽകി. ആദ്യ പരിശ്രമത്തിൽ തന്നെ ഗിഫ്റ്റിന് ലൈസൻസും ലഭിച്ചു. 

അതോടെ ഗിഫ്റ്റ് ഭക്ഷണം ഡെലിവറി ചെയ്യുന്നതിന് ഇറങ്ങിത്തിരിച്ചു. യുഎഇയിലെ ആദ്യ വനിതാ ഡെലിവറി റൈഡറായി  ഗിഫ്റ്റ് ചരിത്രമെഴുതി. രണ്ട് വർഷക്കാലം ദുബായിലെ നഗരവീഥികളിലൂടെ പീസ വിതരണം നടത്തിയെങ്കിലും മനസ്സിൽ വലിയ സ്വപ്നങ്ങൾ കാണുന്നതിന് ഗിഫ്റ്റ് മടിച്ചിരുന്നില്ല. 

∙ വിനോദസഞ്ചാരത്തിലെ വരുമാനവഴികൾ
ഗിഫ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്ന ദുബായ് നഗരത്തിന്റെ മനോഹരമായ ചിത്രങ്ങൾ നൈജീരിയയിലെ സുഹൃത്തുക്കളുടെ ശ്രദ്ധയിൽപ്പെട്ടു. അവർ ഗിഫ്റ്റിനെ ബന്ധപ്പെട്ട് ദുബായിൽ വന്ന് സഞ്ചരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു.

ഒരു സുഹൃത്തിനെ കൂട്ടി ദുബായിൽ ചുറ്റിനടന്ന ഗിഫ്റ്റിന് യാത്രയുടെ അവസാനം പ്രതിഫലമായി 1000 ദിർഹം ലഭിച്ചു. ഇത് ഗിഫ്റ്റിന് ഒരു പുതിയ വരുമാന മാർഗമായി മാറി. ഡെലിവറി ജോലിയുടെ ഒഴിവുസമയങ്ങളിൽ നൈജീരിയയിൽ നിന്നുള്ള സുഹൃത്തുക്കളെ ദുബായിൽ ചുറ്റിക്കാണിക്കാൻ തുടങ്ങി. യുഎഇയിലേക്കുള്ള യാത്ര, കാണേണ്ട സ്ഥലങ്ങൾ, ചെയ്യേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ഗിഫ്റ്റ് ക്രമീകരിച്ചുകൊടുത്തു 

∙ റിയൽ എസ്റ്റേറ്റിലേക്ക് ചുവട് മാറ്റം
വിനോദസഞ്ചാരികൾ പലരും ദുബായിൽ വന്ന് സഞ്ചരിച്ച ശേഷം നൈജീരിയയിലേക്ക് മടങ്ങിയെത്തി ഗിഫ്റ്റിനെ ബന്ധപ്പെട്ട് ദുബായിൽ നിന്ന് പ്രോപ്പർട്ടികൾ വാങ്ങാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു. ഇങ്ങനെയാണ് ഗിഫ്റ്റ് റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നുവന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ അവസരങ്ങൾ തിരിച്ചറിഞ്ഞ ഗിഫ്റ്റ് 2024 ഏപ്രിലിൽ 'ഗിഫ്റ്റ് റിയൽ എസ്റ്റേറ്റ്' എന്ന സ്വന്തം കമ്പനി സ്ഥാപിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് കമ്പനി വലിയ നേട്ടമുണ്ടാക്കി . അടുത്തിടെ 42 മണിക്കൂർ കൊണ്ട് ഏഴ് പ്രോപ്പർട്ടികൾ വിറ്റതായി ഗിഫ്റ്റ് രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു. 2023-ൽ ഒരു സ്വതന്ത്ര റിയൽ എസ്റ്റേറ്റ് ഏജന്റായി തുടങ്ങിയ ഗിഫ്റ്റ് ഇപ്പോൾ 15 ദശലക്ഷം ദിർഹം മൂല്യമുള്ള ഒരു കമ്പനിയുടെ ഉടമയാണ്. ജന്മനാട്ടിലെ കുടുംബമാണ് ഗിഫ്റ്റിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം.

"ഓരോ മാസവും ദശലക്ഷക്കണക്കിന് ദിർഹത്തിന്റെ ഇടപാടുകൾ നടക്കുന്നു. ഇപ്പോൾ, ആഫ്രിക്കൻ രാജ്യങ്ങൾ, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക് എന്നെ അറിയാം. ഞങ്ങൾ യൂറോപ്യൻ, റഷ്യൻ വിപണികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മത്സരാധിഷ്ഠിത ദുബായ് റിയൽ എസ്റ്റേറ്റ് വിപണിയിൽ കൂടുതൽ ഉയരങ്ങളിലേക്ക് പറക്കുന്നതിനാണ് ഞാൻ ആഗ്രഹിക്കുന്നത്" - ഗിഫ്റ്റ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com