പ്രിയ പുത്രന്മാർക്ക് കണ്ണീരോടെ വിട ചൊല്ലി യുഎഇ; അണിചേർന്ന് അജ്മാൻ ഭരണാധികാരിയും
Mail This Article
അജ്മാൻ∙ കർത്തവ്യ നിർവഹണത്തിനിടെ അപകടത്തിൽ മരിച്ച യുഎഇ സൈനികരായ നാസർ മുഹമ്മദ് യൂസഫ് അൽ ബലൂഷിയുടെയും അബ്ദുൽ അസീസ് സയീദ് സബ്ത് അൽ തുനൈജിയുടെയും മയ്യിത്ത് നമസ്‌കാരം അജ്മാൻ പള്ളിയിൽ നടന്നു. ഇന്ന് വൈകിട്ട് അജ്മാനിലെ അൽ ജുർഫ് ഏരിയയിലെ ഷെയ്ഖ് സായിദ് പള്ളിയിലായിരുന്നു പ്രാർഥന. പിന്നീട് അൽ ജുർഫ് കബർ സ്ഥാനിൽ ഭൗതിക ശരീരങ്ങൾ സംസ്‌കരിച്ചു.
ഈ മാസം 24–നായായിരുന്നു അപകടം. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയും അജ്മാൻ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയും മഗ്‌രിബിന് ശേഷം നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ പങ്കെടുത്തു.
ഇരു ഭരണാധികാരികളും മരിച്ച സൈനികരുടെ കുടുംബങ്ങളോടും ബന്ധുക്കളോടും അനുശോചനം അറിയിച്ചു. രാജ്യത്ത് കർത്തവ്യനിർവഹണത്തിനിടെയുണ്ടായ അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയമാണ് നേരത്തെ അറിയിച്ചത്. 24 ന് വൈകീട്ട് നടന്ന സംഭവത്തിൽ ഒന്‍പത് പേർക്ക് പരുക്കേറ്റിരുന്നു. ഇവൽ സായിദ് മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ്.