ജിദ്ദയിൽ 13 ടൺ കേടായ കോഴിയിറച്ചി പിടികൂടി നശിപ്പിച്ചു
Mail This Article
ജിദ്ദ ∙ ജിദ്ദയിൽ വിതരണത്തിന് വച്ചിരുന്ന 13 ടൺ കേടായ കോഴിയിറച്ചി മുനിസിപ്പാലിറ്റി അധികൃതർ പിടികൂടി നശിപ്പിച്ചു. ഉറവിടമറിയാത്ത 13 ടൺ കോഴി, കാലഹരണപ്പെട്ട മൂന്ന് ടൺ കോഴി, അഞ്ച് ടൺ കേടായ അസംസ്കൃത വസ്തുക്കൾ എന്നിവയും വിതരണത്തിന് തയാറായ രണ്ട് ടൺ ബോൺലെസ് ചിക്കനും പിടിച്ചെടുത്തു.
ജിദ്ദയുടെ തെക്ക് ഭാഗത്ത് അബു ജല പ്രദേശത്തെ റെസിഡൻഷ്യൽ സൈറ്റിലെ മുനിസിപ്പാലിറ്റിയുടെ ഫീൽഡ് ക്യാംപെയ്നിലാണ് കേടായതും, കാലഹരണപ്പെട്ടതുമായ കോഴിയിറച്ചി കണ്ടെത്തിയത്. കോഴിയിറച്ചിക്ക് പുറമെ രണ്ട് ടൺ മസാല മിക്സും, 500 കിലോ ഉണങ്ങിയ ബർഗർ ബ്രഡും മസാല കുഴയ്ക്കാനുള്ള യന്ത്രവും പിടിച്ചെടുത്തു.
സംശയാസ്പദമായ സാഹചര്യത്തിൽ മാംസം ശേഖരിക്കുന്ന അനധികൃത തൊഴിലാളികളുടെ പ്രവർത്തനം നിരീക്ഷിച്ചതിന് ശേഷമായിരുന്നു മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തിയത്. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, ഫീൽഡ് കൺട്രോൾ, സിവിൽ ഡിഫൻസ്, സബ് മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.