ദുബായ് മിറാക്കിൾ ഗാർഡൻ ഫാമിലി തീം പാർക്ക് നാളെ മുതൽ
Mail This Article
ദുബായ് ∙ പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിൾ ഗാർഡൻ(ഡിഎംജി) ഫാമിലി തീം പാർക്ക് സീസൺ 13-ന് നാളെ( ശനിയാഴ്ച) ആരംഭം. അതേസമയം, യുഎഇയിൽ താമസിക്കുന്നവർക്ക് പ്രവേശന നിരക്ക് കുറച്ചതായി അധികൃതർ സ്ഥിരീകരിച്ചു. എമിറേറ്റ്‌സ് ഐഡി കാണിച്ച് മുതിർന്നവർക്കും കുട്ടികൾക്കും 60 ദിർഹത്തിന് പൂക്കൾ പൂത്തുലയുന്ന പാർക്കിൽ പ്രവേശിക്കാം.
കഴിഞ്ഞ വർഷം 65 ദിർഹമായിരുന്നു നിരക്ക്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം. എന്നാൽ വിനോദസഞ്ചാരികൾക്കും യുഎഇയ്ക്ക് പുറത്തെ താമസക്കാർക്കും ടിക്കറ്റ് നിരക്ക് 5 ദിർഹം വർധിക്കുകയും ചെയ്തു. ഇപ്പോൾ മുതിർന്നവർക്ക് 100 ദിർഹവും കുട്ടികൾക്ക് 85 ദിർഹവുമാണ്.
∙ഓൺലൈൻ ബുക്കിങ് നാളെ മുതൽ
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടം സന്ദർശിക്കാൻ നാളെ മുതൽ ഓൺലൈൻ ബുക്കിങ് സംവിധാനം തുടങ്ങുമെന്ന് ഡിഎംജി അറിയിച്ചു. 120 ഇനങ്ങളിലുള്ള 150 ദശലക്ഷത്തിലേറെ പൂക്കൾ ഡിഎംജി എല്ലാ വർഷവും പ്രദർശിപ്പിക്കുന്നു.
സ്‌മർഫ്‌സ്(Smurfs) പോലുള്ള ജനപ്രിയ പരിപാടികളിൽ നിന്നും പ്രശസ്ത കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഉദ്യാനത്തിന് വ്യത്യസ്ത തീമുകൾ നൽകിയിരിക്കുന്നു. 5 ലക്ഷത്തിലേറെ പുഷ്‌പങ്ങളും സസ്യങ്ങളും കൊണ്ട് നിർമിച്ച എമിറേറ്റ്‌സ് എ380-ന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് രൂപമാണ് ദുബായ് മിറാക്കിൾ ഗാർഡന്റെ ഏറ്റവു വലിയ ആകർഷണങ്ങളിലൊന്ന്.
സർഗാത്മകതയും പ്രകൃതി സൗന്ദര്യവും ആഘോഷിക്കുന്ന കുടകൾ കൊണ്ട് നിർമിച്ച ടണലും ലേയ്ക്ക് പാർക്കും ഇവിടെയുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പാർക്ക് പ്രവർത്തിക്കുക. കൂടാതെ വാരാന്ത്യങ്ങളിലും (ശനി, ഞായർ) പൊതു അവധി ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 11 വരെയും തുറന്നിരിക്കും.