ഒമാനില്‍ സിക്ക് ലീവ് ദുരുപയോഗം ചെയ്താൽ കടുത്ത നടപടി; നിരീക്ഷണം, ഓഡിറ്റിങ്!
Mail This Article
മസ്കത്ത് ∙ ഒമാനില്‍ സിക്ക് അവധികളുടെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ നടപടിയുമായി ആരോഗ്യ മന്ത്രാലയം. സിക്ക് അവധി അര്‍ഹമായ രീതിയില്‍ മാത്രമാണെന്ന് ഉറപ്പുവരുത്തുകയും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഡോ. മുഹന്ന ബിന്‍ നാസര്‍ അല്‍ മസ്ലഹി പറഞ്ഞു.
സിക്ക് അവധിയുടെ അനുമതി സൂക്ഷ്മമായി നിരീക്ഷിക്കും. അവധി അംഗീകരിച്ചതിന്റെ കാരണങ്ങളും വിശദാംശങ്ങളും പരിശോധിച്ച് വിലയിരുത്തും. അര്‍ഹരായ വ്യക്തിക്ക് മാത്രമാണ് സിക്ക് ലീവ് അനുവദിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ പങ്ക് വലുതാണെന്നും ഡോ. മുഹന്ന അല്‍ മസ്ലഹി പറഞ്ഞു. തൊഴിലാളികള്‍ അസുഖ അവധി ദുരുപയോഗം ചെയ്യുന്നത് സര്‍ക്കാര്‍, സ്വകാര്യ മേഖലയെ ദോഷകരമായി ബാധിക്കും. സ്ഥാപനങ്ങള്‍ക്ക് ഇത് പ്രശ്നമായി തീരും. എന്നാല്‍ ഓഡിറ്റിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ട് മാസത്തിനിടെ സ്വകാര്യ മേഖലയില്‍ മാത്രം 50,000ല്‍ പരം സിക്ക് അവധികളാണ് അനുവദിച്ചത്. എന്നാല്‍, അര്‍ഹരായ വ്യക്തികള്‍ക്ക് മാത്രമാണ് അവധി അനുവദിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഓഡിറ്റിങ് നടത്തും. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച് സിക്ക് അവധി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണെന്ന നിബന്ധനയും അടുത്തിടെ പ്രാബല്യത്തില്‍ വന്നിരുന്നു.