സൗദി വിമൻസ് പ്രീമിയർ ലീഗ് പുതിയ സീസൺ ഇന്ന് ആരംഭിക്കും
Mail This Article
റിയാദ് ∙ സൗദി വിമൻസ് പ്രീമിയർ ലീഗി ന്റെ പുതിയ സീസൺ ഇന്ന് ആരംഭിക്കും. അൽ നസർ, അൽ അഹ്‌ലി, അൽ ഷബാബ്, അൽ ഖാദിസിയ, അൽ ഹിലാൽ, അൽ ഇത്തിഹാദ്, ഈസ്റ്റേൺ ഫ്ലേംസ്, അൽഉല, അൽ അമൽ, അൽ തരാജി എന്നീ പത്ത് ടീമുകളാണ് ഉൾപ്പെടുക.
18 റൗണ്ടുകളിലായി 90-ലധികം മത്സരങ്ങളുള്ള ഹോം ആൻഡ് എവേ ഫോർമാറ്റിലാണ് ലീഗ് നടക്കുക. ഈ സീസണിൽ 200-ലധികം കളിക്കാർ പങ്കെടുക്കും. ഈ വൈവിധ്യം മത്സര നിലവാരം വർധിപ്പിക്കുമെന്നും രാജ്യത്തിലെ വനിതാ ഫുട്ബോളിന്റെ ദ്രുതഗതിയിലുള്ള വളർച്ചയെ എടുത്തുകാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ അൽ മിസെഹൽ കഴിഞ്ഞ രണ്ട് സീസണുകളിലെ വിജയങ്ങളെ അടിസ്ഥാനമാക്കി സീസൺ ലോഞ്ചിങിൽ ആവേശം പ്രകടിപ്പിച്ചു. ദേശീയ ടീമുകളെ എല്ലാ തലങ്ങളിലും ശക്തിപ്പെടുത്താനുള്ള ഈ സീസണിന്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
വനിതാ ഫുട്ബോൾ വിഭാഗം മേധാവി ആലിയ അൽ റഷീദ് ലീഗിന്റെ ദ്രുതഗതിയിലുള്ള നേട്ടങ്ങൾ അംഗീകരിച്ചു. നേതൃത്വത്തിന്റെയും കായിക മന്ത്രാലയത്തിന്റെയും ശക്തമായ പിന്തുണയോടെ ഇത് സാധ്യമായി. വനിതാ ഫുട്‌ബോൾ മുന്നോട്ട് കൊണ്ടുപോകാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് ലീഗ് ആഗോള പ്രതിഭകളെ ആകർഷിച്ചതായി അവർ അഭിപ്രായപ്പെട്ടു.