വിമാനയാത്രക്കാരിൽ കുതിപ്പുമായി യുഎഇ; ആദ്യ ആറ് മാസത്തിനിടെ 7.17 കോടി യാത്രക്കാർ
Mail This Article
അബുദാബി ∙ യുഎഇയിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷത്തെ ആദ്യ 6 മാസത്തിനിടെ 14.2% വർധിച്ച യാത്രികരുടെ എണ്ണം 7.17 കോടിയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ 6.28 കോടിയായിരുന്നു യാത്രികരുടെ എണ്ണം.
യുഎഇ സെൻട്രൽ ബാങ്ക് ആണ് കണക്കുകൾ പുറത്തുവിട്ടത്. 6 മാസത്തിനിടെ അബുദാബിയിലേക്കാണ് ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത്. മുൻ വർഷത്തെക്കാൾ 33.8% പേർ അധികമായി എത്തിയതോടെ യുഎഇയിലെ പ്രധാന ഗതാഗതകേന്ദ്രമായി അബുദാബി മാറി. ദുബായിൽ 2023നെക്കാൾ 8% യാത്രക്കാരാണ് കൂടിയത്.
ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ പദവി ഉറപ്പിക്കുന്നതാണ് യാത്രക്കാരുടെ വർധന. കൂടാതെ, ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് ഈ മേഖല ഗണ്യമായ സംഭാവന നൽകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വ്യോമയാന മേഖലയിലെ വളർച്ച ടൂറിസം, വ്യാപാരം, തൊഴിൽ എന്നിവ വർധിപ്പിക്കുകയും സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുകയും ചെയ്യും. യുഎഇയുടെ വിമാനക്കമ്പനികളുടെ ശക്തമായ പ്രകടനവും രാജ്യാന്തര സാന്നിധ്യവും ഈ വളർച്ചയ്ക്ക് ആക്കം കൂട്ടി.