ജിസാന്റെ സ്വന്തം കാപ്പി കൃഷി വിദഗ്ദൻ; ഫൈസൽ അൽ റൈതി
Mail This Article
റിയാദ് ∙ കാപ്പി ഒരു മരുന്നാണ് അത് കുടിക്കുന്നതിൽ ഒരു ദോഷവുമില്ല എന്നാണ് ജിസാനിൽ നിന്നുളള കാപ്പി വിദഗ്ധന്റെ അഭിപ്രായം. കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന ധാരണ തെറ്റാണെന്നും ജിസാനിൽ നിന്നുള്ള പരമ്പരാഗത കാപ്പി കർഷകവിദഗ്ധനായ ഫൈസൽ അൽ റൈതി പറയുന്നു. കാപ്പിയിൽ ഇരുമ്പ്, സോഡിയം തുടങ്ങിയ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ജിസാൻ മേഖലയിലെ അൽ റൈത്ത് ഗവർണറേറ്റിലെ മൻമന കാപ്പിത്തോട്ടത്തിന്റെ സ്വന്തം കാർഷിക വിദഗ്ധനായ ഫൈസൽ അൽ റൈത്തി റിയാദിലെ ദിരിയയിൽ നടക്കുന്ന റീഫ് വാലി പ്രദർശനത്തിലാണ് കാപ്പിയുടെ ഗുണങ്ങളെ കുറിച്ച് സംസാരിച്ചത്.
സൗദിയിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിക്കുന്നത് ജിസാൻ മേഖലയിലാണ്. കാപ്പിയുടെ ദോഷത്തെക്കുറിച്ച് എല്ലാവരും സ്ഥിരമായി സംസാരിക്കുന്നതിലാണ് അദ്ദേഹത്തിന് ഖേദം പ്രകടിപ്പിക്കാനുള്ളത്. കാപ്പി കുടിക്കുന്നതിൽ ദോഷമില്ലെന്നും നല്ല രീതിയിൽ കൈകാര്യം ചെയ്താൽ അത് ഒരു ചികിത്സയായി കണക്കാക്കാമെന്നും അദ്ദേഹം പറയുന്നു. കാപ്പിയുടെ രാസഘടനയിൽ 4 ശതമാനം ധാതുക്കൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് ഇരുമ്പും സോഡിയവും ഉണ്ടെന്ന് അൽ റൈത്തി പറയുന്നു.
നാവിന്റെ പേശികളെ ശക്തിപ്പെടുത്തുന്ന ഫ്ലൂറൈഡും കാൽസ്യവും അടങ്ങിയതിനാൽ, കുട്ടികളുടെ സംസാരശേഷി വർധിപ്പിക്കുന്നതിന് അറബികൾ പുരാതന കാലത്ത് കാപ്പി കുട്ടികൾക്ക് നൽകാറുണ്ടെന്ന് അൽ റൈതി അവകാശപ്പെട്ടു.
ജിസാൻ മേഖലയിലെ കാപ്പി കൃഷിയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ചില കേന്ദ്രങ്ങൾ ഇതിന് 300 വർഷത്തിലേറെ പഴക്കമുള്ളതായി അൽ റൈതി പറഞ്ഞു.
ഫിൽട്ടർ കോഫി സാധാരണ കോഫിയേക്കാൾ കൂടുതൽ ഗുണം ചെയ്യും, കാരണം അത് അരിക്കുകയും മാലിന്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും ചെയ്യുന്നുവെന്നും അൽ റൈതി പരാമർശിച്ചു. സാധാരണ കാപ്പിയിൽ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും കൂട്ടികലർത്തുകൾ ഇല്ലാത്തതിന് പുറമേ ഫിൽട്ടർ ചെയ്ത കാപ്പിയിലും കഫീന്റെ ശതമാനം കുറവാണെന്നും അൽ റൈത്തി പറഞ്ഞു. പൊതുവേ അറബികൾക്ക് അതിഥി സൽക്കാരത്തിന്റെ ഭാഗമായി കാപ്പിയുടെ വകഭേദങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന ശീലമിണ്ട്. അതേസമയം അമിതമായി കാപ്പി കുടിക്കുന്ന ശീലം ആരോഗ്യത്തിന് നല്ലതല്ലെന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.