ആഭ്യന്തരമന്ത്രി നേരിട്ടിറങ്ങി പരിശോധന; കുവൈത്തില്‍ 800 നിയമലംഘനങ്ങള്‍ പിടികൂടി
Mail This Article
കുവൈത്ത് ∙ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ് നേരിട്ടാണ് കഴിഞ്ഞ ദിവസം ജാബ്രിയ പ്രദേശത്ത് പരിശോധനയ്ക്ക് എത്തിയത്. പ്രദേശത്ത് പ്രധാന റോഡുകളില്‍ ചെക്ക് പോയിന്റെുകള്‍ സ്ഥാപിച്ചായിരുന്നു പരിശോധന. ജാബ്രിയായില്‍ നിന്ന് മാത്രം പരിശോധനയില്‍ എണ്ണൂറിലധികം നിയമലംഘനങ്ങള്‍ പിടികൂടി. കൂടുതലും ഗതാഗത നിയമലംഘനങ്ങളാണ്.
മയക്കുമരുന്ന് കൈവശം വച്ചവര്‍ നാല്, കോടതി അറസ്റ്റ് നിലനില്‍ക്കുന്ന 11, മതിയായ രേഖകളില്ലാതെ മോട്ടോര്‍സൈക്കിള്‍ ഓടിച്ച 18 പേരും, കൂടാതെ കേസുകളുമായി ബന്ധപ്പെട്ട നാലു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. താമസ-കുടിയേറ്റ നിയമ ലംഘകരെയും പിടികൂടിയിട്ടുണ്ട്. ഒന്‍പത് പേരെ ട്രാഫിക് ഡിറ്റക്ഷന്‍ സെന്ററിലേക്ക് കൈമാറി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള പ്രത്യേക സുരക്ഷാസേനയാണ് പരിശോധനകള്‍ നടത്തുന്നത്. വരും ദിവസങ്ങളില്‍ രാജ്യവ്യാപകമായി ഇത്തരം പരിശോധന തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.