വസന്തക്കാഴ്ചകൾ ഒരുക്കി മിറക്കിൾ ഗാർഡൻ തുറന്നു; 3 വയസുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം
Mail This Article
ദുബായ് ∙ മധ്യവേനൽ അവധിക്കു ശേഷം ദുബായ് മിറക്കിൾ ഗാർഡൻ തുറന്നു. യുഎഇയിലെ താമസക്കാർക്ക് ടിക്കറ്റ് നിരക്കിൽ 5 ദിർഹം ഇളവുമായാണ് പുതിയ സീസൺ തുടങ്ങിയത്. എമിറേറ്റ്സ് ഐഡി കാണിച്ചാൽ 60 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭിക്കും.
അതേസമയം, വിനോദ സഞ്ചാരികൾക്ക് 100 ദിർഹമാണ് നിരക്ക്. കുട്ടികൾക്ക് 85 ദിർഹവും. 3 വയസുവരെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. ഓൺലൈൻ ബുക്കിങ് തുടങ്ങി. 15 കോടി പൂക്കളാണ് മിറക്കിൾ ഗാർഡന്റെ ആകർഷണം.
120 തരം ചെടികളിലാണ് ഇത്രയും പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. എമിറേറ്റ്സ് വിമാനത്തിന്റെ രൂപം, അംബ്രല്ലാ ടണൽ, ലേക്ക് പാർക്ക് തുടങ്ങി വിവിധ രൂപങ്ങളിൽ ചെടികളും പൂക്കളും ഒരുക്കിയിട്ടുണ്ട്. 2013ലെ വാലന്റൈൻസ് ദിനത്തിലാണ് മിറക്കിൾ ഗാർഡൻ പ്രവർത്തനം ആരംഭിച്ചത്.
തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9 മുതൽ രാത്രി 9 വരെയും ശനി, ഞായർ ദിവസങ്ങളിലും പൊതു ഒഴിവു ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 11വരെയുമാണ് ഗാർഡൻ പ്രവർത്തിക്കുന്നത്.