കുവാഖ് ഓണാഘോഷം സംഘടിപ്പിച്ചു
Mail This Article
ദോഹ ∙ ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ ഓണാഘോഷ പരിപാടി 'ഓണാരവം 2024' പൂനെ യൂണിവേഴ്സിറ്റി ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഐസിബിഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ശിശു രോഗ വിദഗ്ധ ഡോ. ജിഷ ശങ്കർ മുഖ്യാതിഥിയായിരുന്നു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് റീജനൽ ഹെഡ് സന്തോഷ് ടി വി, ട്രെഷറർ ആനന്ദജൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സൂരജ് രവീന്ദ്രൻ, രാഖി വിനോദ്, സ്നിഗ്ദ ദിനേശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് സ്വാഗതവും ജോ. കൾച്ചറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
കുവാഖ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. മാവേലി മന്നൻ്റെ എഴുന്നള്ളിപ്പിന് അകമ്പടിയോതി മേളം ദോഹയുടെ കലാകാരന്മാരുടെ അകമ്പടിയോടെ മാവേലിയെത്തി. തിരുവാതിര, പൂരക്കളി, കുച്ചിപ്പുടി, ഗ്രൂപ്പ്ഡാൻസ്, സോളോ സോങ്‌സ് എന്നിവ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി.
റേഡിയോ നാടക മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കുവാഖ് അവതരിപ്പിച്ച 'സുരേന്ദ്രനും ഞാനും' എന്ന നാടകത്തിലെ കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു. ഡോ. റഷീദ് പട്ടത്ത് ഇവർക്ക് മെമന്റോ നൽകി.