സ്വദേശി നിയമനം; സഹകരിക്കുന്ന കമ്പനികൾ മികവിന്റെ പട്ടികയിലെത്തും
Mail This Article
ദുബായ്∙ സ്വദേശി നിയമനം വർധിപ്പിക്കുന്ന കമ്പനികൾക്ക് ആനുകൂല്യങ്ങളുമായി സ്വദേശിവൽക്കരണ മന്ത്രാലയം. കുറഞ്ഞത് 500 സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് നാഫിസുമായി സഹകരിക്കുന്ന കമ്പനികളെ മന്ത്രാലയത്തിനു കീഴിൽ മികച്ച കമ്പനികളുടെ പട്ടികയിലാക്കും.
നിശ്ചിത എണ്ണത്തിൽ കൂടുതൽ സ്വദേശികൾക്കു നിയമനം നൽകുന്ന കമ്പനികളെ മന്ത്രാലയത്തിന്റെ ഏറ്റവും ഉയർന്ന പട്ടികയിൽ ഉൾപ്പെടുത്തും. തൊഴിലാളിയും തൊഴിലുടമയും ഒപ്പിട്ട് മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ തൊഴിൽ കരാർ പാലിക്കുകയും വേതന വിതരണം സുരക്ഷാ പദ്ധതി വഴിയാക്കുകയും ചെയ്ത കമ്പനികൾ മന്ത്രാലയത്തിന്റെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരിക്കും. തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ കമ്പനികൾ മൂന്നാം വിഭാഗക്കാരായിരിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. സ്വദേശി, വിദേശി വേർതിരിവില്ലാതെ 100 ശതമാനവും വേതന വിതരണം പാലിക്കുന്ന കമ്പനികളുടെ ഇടവും ഒന്നാം പട്ടികയിലാണ്.
കമ്പനി ചെറുതായാലും വലുതായാലും വേതന വിതരണം കൃത്യമാവുകയും തൊഴിൽ കരാർ മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്താൽ രണ്ടാം വിഭാഗത്തിൽ തുടരാനാകും. 2022 ജൂണിലാണ് യുഎഇ മന്ത്രിസഭാ തീരുമാനപ്രകാരം കമ്പനികളെ സേവനത്തിന് അനുസൃതമായി ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളാക്കി തരം തിരിച്ചത്.
തൊഴിലാളികളുടെയും സംരംഭകരുടെയും സുസ്ഥിരതയും പുരോഗതിയും ലക്ഷ്യമിട്ടാണ് കമ്പനികളെ പ്രവർത്തനക്ഷമതയ്ക്ക് അനുസരിച്ച് വിഭാഗങ്ങളാക്കിയതെന്നും മന്ത്രാലയം വ്യക്തമാക്കി.